പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ അമലോത്ഭവ തിരുനാള്‍ നാളെ തുടങ്ങും
1374174
Tuesday, November 28, 2023 3:46 AM IST
ചങ്ങനാശേരി: പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പാറേല്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ നാളെ മുതല്‍ ഡിസംബര്‍ 17 വരെ ആഘോഷിക്കും.
തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ജനറാളും തീര്‍ഥാടനകേന്ദ്രം റെക്ടറുമായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കാരിക്കൊമ്പില്‍, വികാരി ഫാ. ജേക്കബ് വാരിക്കാട്ട്, അസി. വികാരി ഫാ. സ്മിത്ത് ശ്രാമ്പിക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ ഒന്നിന് കൊടിയേറ്റ്, എട്ടിന് പ്രധാന തിരുനാള്‍. 17ന് കൊടിയിറക്കു തിരുനാള്‍. നാളെ മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ രാവിലെ 5.30നും, 7.15നും, 11.30നും വിശുദ്ധകുര്‍ബാന. 4.15ന് വചന പ്രഘോഷണം, അഞ്ചിന് ആഘോഷമായ പരിശുദ്ധ കുര്‍ബാന, ആറിന് ജപമാല പ്രദക്ഷിണം.
കൊടിയേറ്റ് ഡിസം. ഒന്നിന്
ഒന്നിന് വൈകുന്നേരം നാലിന് കൊടിയേറ്റ് -തീര്‍ഥാടനകേന്ദ്രം റെക്ടര്‍ വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍. 3.45ന് ഇടവകയിലെ വിവിധ വാര്‍ഡുകളില്‍നിന്ന് ജപമാല പ്രദക്ഷിണമായി വിശ്വാസികള്‍ പള്ളിയില്‍ എത്തും. ഈ ദിവസങ്ങളില്‍ കുഞ്ഞിപ്പൈതങ്ങള്‍, ദമ്പതി, വിധവ-വിഭാര്യ, യുവജന, വിദ്യാര്‍ഥി, സന്യാസിനി, വൈദിക, മേരി നാമധാരികള്‍ തുടങ്ങിയവരുടെ പ്രത്യേക ദിനാചരണങ്ങള്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ ആചരിക്കും.
അഞ്ചിന് രാത്രി ഏഴിന് സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാസന്ധ്യ, ആറിന് രാത്രി ഏഴിന് വിവിധ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. ഏഴിനു രാവിലെ 5.15ന് തിരുസ്വരൂപം എഴുന്നള്ളിച്ചു വയ്ക്കും. വൈകുന്നേരം ആറിന് കുരിശടിയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും.
അമലോത്ഭവ തിരുനാളും ജപമാല പ്രദക്ഷിണവും എട്ടിന്
പ്രധാനതിരുനാള് ദിനമായ എട്ടിന് രാവിലെ 5.30ന് അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, 7.15ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
9.30ന് തിരുനാള്‍ റാസ ഫാ. ജോസഫ് പറത്താനം, ഫാ. ജോസഫ് പള്ളിച്ചിറയില്‍. ഉച്ചയ്ക്ക് 12ന് ഇടവകക്കാരായ വൈദികരും ഇടവകയില്‍ സേവനം ചെയ്ത വൈദികരും 2.30ന് വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, 4.30ന് ഫാ. ആന്‍സിലോ ഇലഞ്ഞിപ്പറമ്പില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. ആറിന് കുരിശുംമൂട് കവലയിലേക്ക് പ്രദക്ഷിണം ഫാ. തോമസ് കല്ലുകളം സിഎംഐ കാര്‍മികനായിരിക്കും.
വൈകുന്നേരങ്ങളില്‍ വചനപ്രഘോഷണം
29 മുതല്‍ ഡിസംബര്‍ 17 വരെ ദിവസങ്ങളില്‍ വൈകുന്നേരം 4.15ന് ഫാ. ജയിംസ് തെക്കുംചേരി, റവ.ഡോ. തോമസ് വടക്കേല്‍, റവ.ഡോ. ആന്റണി തട്ടാശേരി, റവ.ഡോ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, ഫാ. ഫീലിപ്പോസ് തുണ്ടുവാലിച്ചിറ, റവ.ഡോ. തോമസ് ഈറ്റക്കക്കുന്നേല്‍, ഫാ. മാത്യു മാറാട്ടുകുളം, റവ.ഡോ. ജോസഫ് ചാലാശേരി, ഫാ. ജോണ്‍ മണക്കുന്നേല്‍ എന്നിവര്‍ വചനപ്രഘോഷണം നടത്തും.
തിരുനാള്‍ ദിവസങ്ങളില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നു വിശ്വാസികള്‍ തീര്‍ഥാടനമായി പള്ളിയില്‍ എത്തിച്ചേരും. തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി 251 അംഗ വോളന്റിയേഴ്സ് ടീം പ്രവര്‍ത്തിച്ചുവരുന്നു. കൈക്കാരന്മാരായ തങ്കച്ചന് പുല്ലുകാട്ട്, ജേക്കബ് മാറാട്ടുകളം, ജയിംസ് തൂമ്പുങ്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോസുകുട്ടി കുട്ടംപേരൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പുതിയ തീര്‍ഥാടന കേന്ദ്രം കൂദാശ 2025ല്‍
പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിനായി പുതുതായി നിര്‍മിക്കുന്ന പള്ളിയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണെനനും 2025 ജൂബിലി വര്‍ഷത്തില്‍ കൂദാശ ചെയ്യാനാണ് ആലോചിക്കുന്നതെന്നും അതിരൂപത വികാരിജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. തീര്‍ഥാടന കേന്ദ്രത്തിലെ തിരുനാള്‍ ആഘോഷം വിശദീകരിക്കുന്നതിനിടയിലാണ് വികാരിജനറാള്‍ ഇക്കാര്യം പറഞ്ഞത്.
തീര്‍ഥാടന കേന്ദ്രത്തോടു ചേര്‍ന്നുള്ള പുരാതനവും ചരിത്രധന്യവുമായ സെമിനാരി കെട്ടിടം തനിമയോടെ നവീകരിച്ചു നിലനിര്‍ത്താനുള്ള തയാറെടുപ്പുകള്‍ നടന്നുവരികയാണെന്നും വികാരിജനറാള്‍ കൂട്ടിച്ചേര്‍ത്തു.