ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ അഞ്ചുകോടിയുടെ വികസന പദ്ധതി
1374173
Tuesday, November 28, 2023 3:46 AM IST
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ അഞ്ചുകോടിയുടെ വികസന പദ്ധതി ആരംഭിച്ചു.
റെയില്‍വേ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള അമൃത് ഭാരത് പദ്ധതിയുടെ കീഴില്‍ ഗതിശക്തിയുടെ ഭാഗമായാണ് വികസനം നടപ്പിലാക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്‍ജിനിയറിംഗ് വിഭാഗത്തിന് 3.67കോടി, ഇലക്ട്രിക്കല്‍ വിഭാഗത്തിന് 94ലക്ഷം, എസ് ആൻഡ് ടി വിഭാഗത്തിന് 39 ലക്ഷം എന്നിങ്ങനെയാണ് തുക വിനിയോഗിക്കുന്നത്.
ഗേറ്റോടു കൂടിയ ആകര്‍ഷക കവാടം
അഞ്ചുവര്‍ഷംമുമ്പ് ആധുനിക രീതിയില്‍ നിര്‍മിച്ച ടെര്‍മിനല്‍ മാറ്റങ്ങള്‍ വരുത്തി പരിഷ്കരിക്കും. പ്രധാന കവാടം ആകര്‍ഷകമാക്കും. പ്രധാന പ്ലാറ്റ്ഫോം നവീകരിക്കും, കോച്ചുകളുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാകുന്ന ബോര്‍ഡുകള്‍, പരിസര സൗന്ദര്യവത്കരണം, വെയിറ്റിംഗ് ഹാളുകളുടെയും ടോയ്ലറ്റുകളുടെയും നവീകരണം, പ്ലാറ്റ്ഫോമുകളിലെ ഇരിപ്പിടങ്ങള്‍ സജ്ജമാക്കല്‍, പാര്‍ക്കിംഗ് ക്രമീകരണം മെച്ചമാക്കല്‍ തുടങ്ങിയവ പദ്ധതിയില്‍പ്പെടുന്നു.
2023-24 വര്‍ഷത്തെ പദ്ധതിയിലൂടെയാണ് അഞ്ചുകോടിയുടെ വികസനം നടപ്പിലാക്കുന്നത്. 2024-25 വര്‍ഷത്തെ പദ്ധതിയിലൂടെ പടിഞ്ഞാറുഭാഗത്തെ രണ്ടാം കവാടവും ഗുഡ്സ്ഷെഡ് റോഡിന്റെ നവീകരണവും നടപ്പിലാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ ഫണ്ട് വിനിയോഗിച്ച് പ്ലാറ്റ്ഫോമിന്റെ വികസനവും ഷെല്‍ട്ടര്‍ സ്ഥാപിക്കലും പൂര്‍ത്തിയാകുന്നുണ്ട്. ഇതേ ഫണ്ടുപയോഗിച്ച് രണ്ടാമത്തെ ഫുട് ഓവര്‍ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനൊപ്പം ലിഫ്റ്റ് സംവിധാനവും ഏര്‍പ്പെടുത്തും.
പുതിയ സ്റ്റേഷന് കെട്ടിടത്തിന്റെ മുമ്പിലുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലം റെയില്‍വേ തത്കാലം ഏറ്റെടുക്കില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു.