കുമരകത്ത് കുളമ്പുരോഗം പടരുന്നു, ഒരു പശു ചത്തു
1374171
Tuesday, November 28, 2023 3:32 AM IST
കുമരകം: കുമരകത്ത് കുളമ്പുരോഗം പടരുന്നു. രാേഗം പിടിപെട്ട ഒരു പശു ചത്തു. ആറുതെങ്ങിൽ വീട്ടിൽ രാജേഷിന്റെ പശു ആണ് ചത്തത്. കുളമ്പുരോഗം പിടിപെട്ട് കുറച്ച് ദിവസങ്ങളായി ചികിത്സ നൽകി വരികയായിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ രോഗം മൂർച്ഛിച്ച് പശു ചാകുകയായിരുന്നു. രാജേഷിന് അഞ്ച് പശുക്കൾ ഉള്ളതിൽ രണ്ട് പശുക്കൾക്കാണ് രാേഗം പിടിപെട്ടത്.
സമീപ പഞ്ചായത്തുകളിൽ കുളമ്പുരോഗം പടർന്ന് തുടങ്ങിയിട്ടു നാളുകളായിട്ടും കുമരകത്ത് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിനോ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനോ സാധിച്ചില്ലെന്ന ആക്ഷേപമുണ്ട്.
കുമരകം മൃഗാശുപത്രിയിൽ സ്ഥിരംഡോക്ടർ ഇല്ലാത്തതിനാൽ രോഗം പിടിപെടുന്ന കന്നുകാലികൾക്ക് യഥാസമയം ചികിത്സ നൽകുവാനും കഴിയുന്നില്ല. കൈപ്പുഴയിലുള്ള ഡോക്ടറെയും വൈക്കം സ്വദേശിയായ വിരമിച്ച ഡോക്ടറെയുമാണ് കുമരകത്തെ ക്ഷീരകർഷകർ ഇപ്പോൾ ആശ്രയിക്കുന്നത്.
കുമരകത്ത് പകരം ചുമതലയുള്ള ചെങ്ങളം മൃഗാശുപത്രിയിലെ ഡോക്ടർ ആഴ്ചയിൽ രണ്ടു ദിവസം ചികിത്സ നടത്തുന്നുണ്ടെങ്കിലും ഗുരുതര രോഗം ബാധിക്കുന്നവയെ ചികിത്സിക്കാൻ മറ്റു വഴി തേടേണ്ട അവസ്ഥയാണുള്ളത്.
കുളമ്പുരോഗം പടർന്നു പിടിച്ചിട്ടും ഉരുക്കൾ ചത്തുവീണിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നു കർഷകർ പറയുന്നു.