പരാതി നല്കി
1374163
Tuesday, November 28, 2023 3:27 AM IST
കൂരോപ്പട: നവകേരള സദസ് വിജയിപ്പിക്കുന്നതിന് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ഹരിത കർമസേന എന്നിവയുടെ പ്രവർത്തകരെയും ഭാരവാഹികളെയും ഭീഷണിപ്പെടുത്തുന്നതായി പരാതി. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ നവകേരള സദസിന്റെ വിവിധ തലങ്ങളിലുള്ള ആലോചനാ യോഗങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് വിവാദമായത്.
കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ഹരിത കർമസേന എന്നിവയുടെ പ്രവർത്തകരെ നിർബന്ധപൂർവം വിളിച്ചു വരുത്തിയാണ് യോഗങ്ങൾ ചേരുന്നത്. തൊഴിലുറപ്പ് , ഹരിത കർമസേനാ പ്രവർത്തകരെ ജോലിയിൽനിന്നു മാറ്റി നിർത്തുമെന്നു പറഞ്ഞാണ് യോഗങ്ങളിലേക്കു വിളിക്കുന്നത്.
പഞ്ചായത്തിൽ ചേരുന്ന നവകേരള സദസുമായി ബന്ധപ്പെട്ട യോഗങ്ങളിൽ ജനപ്രതിനിധികളോ ഉദ്യോഗസ്ഥ മേധാവികളോ അല്ലാത്തവർ നവകേരള സദസിന്റെ കൂരോപ്പടയിലെ പ്രവർത്തനങ്ങൾ ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി ജീവനക്കാരെ കുറ്റപ്പെടുത്തുകയും സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ആക്ഷേപമുണ്ട്. ഇടതുനേതാക്കളാണ് യോഗങ്ങളിലെത്തി നിർദേശങ്ങൾ നൽകുന്നത്.
നവകേരള സദസിനെ രാഷ്ട്രീയവത്കരിക്കുന്നതിലും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നതിലും കോൺഗ്രസ് പഞ്ചായത്തംഗങ്ങളുടെ യോഗം പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട, പഞ്ചായത്തംഗങ്ങളായ സന്ധ്യാ സുരേഷ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, അമ്പിളി മാത്യു, ബാബു വട്ടുകുന്നേൽ, സോജി ജോസഫ് എന്നിവർ പ്രസംഗിച്ചു.