വിമലഗിരി കത്തീഡ്രൽ റോഡ് തകർന്നു
1374159
Tuesday, November 28, 2023 3:27 AM IST
കോട്ടയം: മുട്ടമ്പലം വില്ലേജ് ഓഫീസിന് സമീപത്തുനിന്നാരംഭിച്ച് എലിപ്പുലിക്കാട് പാലം വഴി മംഗളം ജംഗ്ഷനില്‍ അവസാനിക്കുന്ന വിമലഗിരി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി. റോഡില്‍ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
റബര്‍ ബോര്‍ഡ് കേന്ദ്ര ഓഫീസ്, വിമലഗിരി കത്തീഡ്രല്‍, എആര്‍ ക്യാമ്പ്, വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, പോക്സോ അതിജീവിതകളുടെ സംരക്ഷണര്ഥമുള്ള കാവല്‍ പ്ലസ്, ചൈല്ഡ്ലൈന് എന്നിവിടങ്ങളിലേക്കു നിരവധി വാഹനങ്ങളും ജനങ്ങളുമാണ് ദിവസേന ഇതുവഴി കടന്നു പോകുന്നത്.
തിരുവഞ്ചൂര്‍, അയര്‍ക്കുന്നം പ്രദേശങ്ങളിലുള്ളവരുടെ സ്വകാര്യവാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. നഗരസഭയുടെ 14, 15 വാര്‍ഡുകളിലുള്‍പ്പെടുന്ന രണ്ടായിരം കുടുംബങ്ങള്‍ക്കും ഈ പാതയാണ് ആശ്രയം. എംസി റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്കു നഗരം ചുറ്റാതെ കഞ്ഞിക്കുഴിയില്‍ പ്രവേശിക്കാനുള്ള ഒരു എളുപ്പമാര്‍ഗം കൂടിയാണിത്.
അടുത്തിടെ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള റബർബോർഡ്- റെയിൽവേ സ്റ്റേഷൻ റോഡ് ഭാഗികമായി അടച്ചതോടെ മേഖലയിലെ യാത്രാക്ലേശം ഇരട്ടിയായിരിക്കുന്നു. നിരവധി തവണ ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. റോഡിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് നഗരസഭയും പൊതുമരാമത്ത് വകുപ്പുമായുള്ള തര്‍ക്കവും നടപടികള്‍ക്കു തടസമാകുന്നുണ്ടെന്ന് അറിയുന്നു.