ചായ കൊടുക്കാൻ ശുചിമുറി ടാപ്പിലെ വെള്ളം
1373964
Monday, November 27, 2023 11:53 PM IST
എരുമേലി: ശുചിമുറിയിലെ ടാപ്പിൽനിന്നുമുള്ള വെള്ളം ഉപയോഗിച്ച് ശബരിമല തീർഥാടകർക്ക് ചായയും കാപ്പിയും കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് പിടികൂടി. എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം.
എരുമേലി സ്വദേശി കറുത്തേടത്ത് ഷലീം എന്നയാൾ കരാർ എടുത്ത ബി നാല് (22) നമ്പർ കടയോട് ചേർന്ന് പടുത കെട്ടി മറച്ച ടീ ഷോപ്പിലാണ് ഇതിനോട് ചേർന്നുള്ള ശുചിമുറിയിൽനിന്നു പൈപ്പ് വഴി വെള്ളമെടുത്ത് കാപ്പിയും ചായയും നൽകിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിലെ സ്ക്വാഡ് എത്തി കൈയോടെ പിടികൂടിയത്.
ശുചിമുറിയിൽനിന്ന് വെള്ളം എടുക്കുന്നതിന്റെ ചിത്രം പകർത്തിയ ശേഷം കടയിലെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. ഇവർ സ്ഥലത്തെത്തി സ്ക്വാഡ് നൽകിയ വിവരങ്ങൾ പരിശോധിച്ച് കടയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ഇത് സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും സ്ക്വാഡ് അധികൃതർ പറഞ്ഞു. റവന്യൂ വകുപ്പ് എരുമേലി സ്ക്വാഡിലെ ഓഫീസർ ബിജു ജി. നായർ, കെ. രാജു, ഇ.ജി. സദാനന്ദൻ, എം. ലക്ഷ്മി, പി.ആർ. സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോസ്, സന്തോഷ്, എരുമേലി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അനധികൃതമായാണ് കട നടത്തിയതെന്നും ഇവർക്ക് ശുചിമുറിയിലെ വെള്ളം നൽകിയ സമീപത്തെ ശുചിമുറി കരാർകാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.