ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാത്തത് സംശയകരം: മാര്‍ പെരുന്തോട്ടം
1339941
Monday, October 2, 2023 2:11 AM IST
ചങ്ങനാശേരി: കേരളത്തിലെ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തുന്നതിനായി നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് ദുഃഖകരമാണെന്നും ഇപ്പോള്‍ റിപ്പോര്ട്ടിന്മേല് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് പഠനം നടത്തുകയാണെന്ന സര്‍ക്കാര്‍ നിലപാട് സംശയകരമാണെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
2019ല്‍ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് ന്യൂനപക്ഷ കമ്മീഷന് പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് കമ്മീഷന് തന്നെ അട്ടിമറിച്ചുവെന്ന മുന്‍ അനുഭവമാണ് ഈ സംശയത്തിന് ആക്കം വര്‍ധിപ്പിക്കുന്നത്.
ജെ.ബി. കോശി കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സഭകള്‍ക്ക് ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടിലെ ശിപാര്ശകളിന്മേല് സര്‍ക്കാര്‍ സഭകളുമായി ചര്‍ച്ച നടത്തണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.ഈ വിഷയത്തില്‍ സമുദായ ജാഗ്രത ഉയര്‍ന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചങ്ങനാശേരി അതിരൂപതയില്‍ ഈ ഒക്ടോബര്‍ മാസം സമുദായ ശക്തീകരണ മാസമായി ആചരിക്കുന്നതിന്റെ അതിരൂപതാതല ഉദ്ഘാടനം അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അയര്‍ക്കുന്നം ഇടവക വികാരി ഫാ.ജേക്കബ് കിഴക്കേവീട്, കാര്‍പ് അതിരൂപതാ ഡയറക്ടര്‍ ഫാ.ജയിംസ് കൊക്കാവയലില്‍, അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമനിക് വഴീപ്പറമ്പില്‍, കാര്‍പ് കോട്ടയം ഫൊറോന കോഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ കുടകശേരില്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്മായര് തുടങ്ങി ആയിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു.
അതിരൂപതയിലെ വിവിധ പള്ളികളില്‍ സമുദായ ശക്തീകരണ മാസാചാരണത്തിന്റെ ഇടവകതല ഉദ്ഘാടനങ്ങളും നടന്നു.