കെ.ആർ. നാരായണൻ ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ 1.15 കോടിയുടെ വികസനം
1339220
Friday, September 29, 2023 10:05 PM IST
ഉഴവൂർ: കെ.ആർ. നാരായണൻ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഈ സാമ്പത്തിക വർഷം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1.15 കോടി രൂപയുടെ വികസനപദ്ധതികൾ പൂർത്തീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. രാമചന്ദ്രൻ എന്നിവർ അറിയിച്ചു.
ആശുപത്രിയിൽ ഡയാലിസിസ് യന്ത്രങ്ങളും ക്രമീകരണങ്ങളും ഒരുക്കുന്നതിന് 30 ലക്ഷം, സിസിടിവി സ്ഥാപിക്കുന്നതിന് 10 ലക്ഷം, സൗരോർജപാനലിന് 10 ലക്ഷം, തൂമ്പൂർമൂഴി മാതൃകയിലുള്ള മാലിന്യസംസ്കരണത്തിന് അഞ്ചു ലക്ഷം, ആശുപത്രി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷം, ആശുപത്രി ഫ്രണ്ട് ഓഫീസ് ക്രമീകരണത്തിന് രണ്ടു ലക്ഷം, വാട്ടർ ഫിൽട്രേഷൻ യൂണിറ്റിന് 3.7 ലക്ഷം, ഇൻസിനറേറ്റർ അറ്റകുറ്റപ്പണികൾക്ക് 1.49 ലക്ഷം, ഫാർമസി സ്റ്റോർ എസിയാക്കുന്നതിന് രണ്ടു ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് വൈസ്പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് അറിയിച്ചു.
ആശുപത്രിയിൽ മരുന്ന് വാങ്ങൽ, മറ്റ് അനുദിന ആവശ്യങ്ങൾ എന്നിവയ്ക്കു പതിവുപോലെ വേറേയും തുക നൽകിയിട്ടുണ്ട്.
സാധാരണക്കാരായ രോഗികൾ എത്തുന്ന ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് സാധാരണക്കാർക്ക് ഏറെ നേട്ടമായിട്ടുണ്ട്. ഡയാലിസിസ് ടെക്നീഷ്യനെ നിയമിച്ച് വേതനം നൽകി സേവനം ഉറപ്പാക്കുന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്.