അല്ഫോന്സിയന് കമ്യൂണിറ്റി കോളജ് ഉദ്ഘാടനം ചെയ്തു
1339217
Friday, September 29, 2023 10:05 PM IST
പാലാ: അല്‍ഫോന്‍സാ കോളജില്‍ അല്ഫോന്സിയന് കമ്യൂണിറ്റി കോളജ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മികച്ച കായിക കോളജിനുള്ള ജിവി രാജ അവാര്‍ഡ് കരസ്ഥമാക്കിയതിനുള്ള അനുമോദന സമ്മേളനവും നടന്നു. പ്രായഭേദമെന്യേ ഏതൊരു സ്ത്രീക്കും നൈപുണ്യ വികസനം ആര്‍ജിക്കാനും അതുവഴി സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച അല്ഫോന്സിയന് കമ്യൂണിറ്റി കോളജ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
അല്‍ഫോന്‍സാ കോളേജ് കാലാകാലങ്ങളായി നടത്തിവരുന്ന സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ പാലായുടെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ടെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുസ്മരിച്ചു. അല്ഫോന്സിയന് കമ്യൂണിറ്റി കോളജ് പ്രോസ്പെക്ട്സിന്റെ പ്രകാശനകര്‍മം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു.
പദ്മശ്രീ ഷൈനി വില്‍സണ്‍, മുന്‍ കായികാധ്യാപകന് കായികാചര്യ ഡോ. തങ്കച്ചന് മാത്യുവിനെ പൊന്നാടയണിച്ചു ആദരിച്ചു. തന്റെ കായിക ജീവിതത്തില്‍ അല്‍ഫോന്‍സാ കോളേജ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഷൈനി വില്‍സണ്‍ അനുസ്മരിച്ചു. കോളജിലെ കായികാധ്യാപകരെയും ദേശീയ, അന്തര്‍ദേശിയ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കായിക പ്രതിഭകളെയും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉപഹാരം നല്കി അനുമോദിച്ചു.
കോളേജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കോട്ടയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് പി.ജെ. ജയ്മോള്‍ , കോളജ് പ്രിന്‍സിപ്പൽ റവ. ഡോ. ഷാജി ജോണ്‍, കോളജ് ബര്‍സാര്‍ റവ. ഡോ. ജോസ് ജോസഫ്, കായികാചാര്യ ഡോ. തങ്കച്ചന് മാത്യു, കോളജ് വൈസ് പ്രിന്‍സിപ്പൽ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.