മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന് 15.96 കോടി ലാഭം
1339214
Friday, September 29, 2023 10:05 PM IST
പൂഞ്ഞാർ: പ്രമുഖ അർബൻ ബാങ്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂർണ നിയന്ത്രണത്തിലും കഴിഞ്ഞ 30 വർഷങ്ങളായി തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചുവരുന്നതുമായ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ വാർഷിക പൊതുയോഗം നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിനുണ്ടായ മികച്ച വളർച്ച പൊതുയോഗം വിലയിരുത്തി. ബാങ്കിന് 15.96 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ സാധിക്കുകയും എൻപിഎ 2.95 ശതമാനത്തിൽ എത്തിക്കാൻ സാധിച്ചതിനാൽ അംഗങ്ങൾക്ക് ലാഭവിഹിതം നൽകുന്നതിന് തീരുമാനിക്കുകയും ചെയ്തു.
ബാങ്ക് ഭരണസമിതിയും ജീവനക്കാരും കൂട്ടായി നടത്തിയ കഠിനാധ്വാനത്തിന്റെയും ബാങ്കിലെ നല്ലവരായ ഇടപാടുകാരുടെ നിർലോഭമായ പിന്തുണയുമാണ് ബാങ്കിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.ബാങ്കിൽനിന്നും വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങിയ അംഗങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾക്ക് വിധേയമായിട്ടാണ് കുടിശിക നിവാരണ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്.
ഇത്തരത്തിൽ പലിശ ഇളവ് നൽകി വായ്പ കടം കണക്ക് അവസാനിപ്പിക്കാൻ സാധിച്ചതിനാലാണ് ബാങ്കിന് മികച്ച ലാഭം നേടുന്നതിനും അംഗങ്ങൾക്ക് ലാഭവീതം പ്രഖ്യാപിക്കുന്നതിനും സാധിച്ചത്. പ്രവർത്തനവർഷം നിക്ഷേപത്തിലുണ്ടായ വർധനവിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ അരുവിത്തുറ, മുണ്ടക്കയം ബ്രാഞ്ചുകളിൽ വച്ച് ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച ലോൺ മേള വൻ വിജയമാക്കാൻ സാധിച്ചു.
ബാങ്ക് ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ 1000 കോടി രൂപയുടെ ബിസിനസ് ഉളള ബാങ്കിൽ ആധുനീക ബാങ്കിംഗ് സേവനങ്ങൾ ഇടപാടുകാർക്ക് നൽകുന്നതിന് ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ബാങ്കിന്റെ പ്രവർത്തന മേഖലയിൽ മികച്ച വിജയം കൈവരിച്ച 101 വിദ്യാർഥികൾക്ക് പൊതുയോഗത്തിൽ സ്കോളർഷിപ്പ് വിതരണം ചെയ്തു. ചെയർമാൻ കെ.എഫ്. കുര്യൻ, വൈസ് ചെയർമാൻ ഷോൺ ജോർജ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എബിൻ എം. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.