കടുത്തുരുത്തി - പിറവം റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി: മോന്‍സ് ജോസഫ്
1339210
Friday, September 29, 2023 2:50 AM IST
കടുത്തുരുത്തി: വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്ന കടുത്തുരുത്തി - പിറവം റോഡില്‍ നിലനില്‍ക്കുന്ന യാത്രാദുരിതം പരിഹരിക്കുന്നതിന് കുഴികള്‍ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലമുള്ള പ്രതികൂല കാലാവസ്ഥ മാറിയാല്‍ ഉടനെതന്നെ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുള്ള ക്രമീകരണം ഏര്‍പെടുത്തിയതായി എംഎല്‍എ അറിയിച്ചു.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ള കമ്പനികളുടെ മേല്‍നോട്ടത്തിലാണ് ടാര്‍ ഒഴിച്ച് അത്യാവശ്യമുള്ള അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ദുര്‍ഘടമായ ഇപ്പോഴത്തെ യാത്രാപ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ചു എംഎല്‍എ വിളിച്ചുചേര്‍ത്ത പൊതുമരാമത്ത് വകുപ്പിന്റേയും വാട്ടര്‍ അഥോറിറ്റിയുടേയും ഉന്നത ഉദ്യോഗസ്ഥ തലത്തിലുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്ന മുട്ടുചിറ - ആയാംകുടി - എഴുമാന്തുരുത്ത് - വടയാര്‍ - വെള്ളൂര്‍ - മുളക്കുളം റോഡ് അത്യാവിശ ജോലികള്‍ ചെയ്തു ഗതാഗതയോഗ്യമാക്കാന്‍ പ്രവൃത്തിയുടെ ചുമതല വഹിക്കുന്ന കെഎസ്ടിപിക്ക് നിര്‍ദേശം നല്‍കിയതായും മോന്‍സ് ജോസഫ് അറിയിച്ചു.
പെരുവ - പിറവം റോഡിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 31ന് മുമ്പായി പൂര്‍ത്തിയാക്കും. കീഴൂര്‍ - ഞീഴൂര്‍ റോഡും വെമ്പള്ളി - വയലാ - കടപ്ലാമറ്റം - കുമ്മണ്ണൂര്‍ റോഡും എത്രയും പെട്ടെന്നു നവീകരിച്ച് ഗതാഗത യോഗ്യമാക്കാന്‍ നടപടികൾ എടുത്തിട്ടുണ്ട്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തന്‍കാലാ, പൊതുമരാമത്ത് വകുപ്പ് കോട്ടയം ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോസ് രാജന്, വാട്ടര്‍ അഥോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. സുരേഷ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവര്‍ പങ്കെടുത്തു.