വൈക്കത്ത് കാത്ത്ലാബോടുകൂടിയ കാർഡിയോളജി വിഭാഗം; ആവശ്യം ശക്തം
1339209
Friday, September 29, 2023 2:50 AM IST
വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വാർഷികത്തോടനുബന്ധിച്ചു കാത്ത്ലാബോടുകൂടിയ കാർഡിയോളജി വിഭാഗം വൈക്കം താലൂക്ക് ആശുപത്രിയിൽ അനുവദിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
താലൂക്ക് ആശുപത്രികൾ ഫസ്റ്റ് റഫറൽ ആശുപത്രിയായി സർക്കാർ കണക്കാക്കുന്നതിനാൽ താലൂക്ക് ആശുപത്രികളിൽ കാർഡിയോളജി വിഭാഗം ആരംഭിക്കാൻ സർക്കാരിന് സാങ്കേതികമായി തടസമേറെയുണ്ടെന്ന് സി.കെ. ആശ എംഎൽഎ പറഞ്ഞു.
ഹൃദ്രോഗ ബാധ ഉണ്ടായി വൈക്കം താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോൾ 40 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യുകയാണ്. ഫലപ്രദമായ ചികിത്സ ലഭിക്കാതെ യാത്രാമധ്യേ രോഗികൾ പലരും മരണപ്പെടുകയാണ്.
വൈക്കത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വൈക്കത്ത് കാർഡിയോളജിസ്റ്റിന്റെ സേവനം ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഉറപ്പു നൽകിയതായി സി.കെ ആശ എംഎൽഎ പറഞ്ഞു.
ആന്‍ജിയോ പ്ലാസ്റ്റോ, ആന്‍ജിയോഗ്രാമോ നടത്തി ജീവൻ രക്ഷിക്കുന്നതിന് പര്യാപ്തമായ സൗകര്യം വൈക്കത്ത് ലഭ്യമായാൽ മാത്രമേ നിർധന രോഗികൾക്കു ഗുണപ്രദമാകുവെന്നും വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വാർഷികത്തിൽ പ്രത്യേക പരിഗണന നൽകി വൈക്കത്ത് കാത്ത് ലാബോടുകൂടിയ കാർഡിയോളജി വിഭാഗം അനുവദിക്കാൻ സർക്കാർ അനുഭാവപൂർവം നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണെന്ന് സി.കെ. ആശ എംഎൽഎ പറഞ്ഞു.