അഞ്ചുമനപാലത്തിന്റെ സമീപ റോഡ് നിർമാണം: തടസങ്ങൾ നീങ്ങുന്നു
1339208
Friday, September 29, 2023 2:50 AM IST
വെച്ചൂർ: വെച്ചൂർ അഞ്ചുമന പാലത്തിന്റെ സമീപ റോഡ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട അനശ്ചിതത്വം നീങ്ങുന്നു. പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ ഭൂവുടമ സ്ഥലം വിട്ടു നൽകുന്നതിനുള്ള സമ്മതപത്രം അധികൃതർക്ക് കൈമാറാതിരുന്നതാണ് സമീപ റോഡ് നിർമാണത്തിന് തടസമായത്.
അഞ്ചുമന തോടിനു കുറുകെ താത്കാലിക റോഡ് നിർമിച്ചാണിപ്പോൾ ഗതാഗതം നടത്തിവരുന്നത്. മഴകനത്ത് വെള്ളപ്പൊക്കമുണ്ടായാൽ കാർഷിക മേഖലയിൽ വൻനാശമുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സമീപ റോഡിനായി സ്ഥലമേറ്റെടുക്കാൻ 20 ലക്ഷം രൂപ അനുവദിക്കാൻ സ്പെഷ്യൽ ഉത്തരവിട്ടു. മൂന്ന് ഭൂവുടമകളുടേതായി നാലു സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഭൂവുടമകൾക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകി.
രേഖകൾ നൽകിയാൽ പണം അക്കൗണ്ടിലെത്തും. നോട്ടീസ് നൽകി 30 ദിവസത്തിനകം രേഖകൾ സമർപ്പിക്കണം. നോട്ടീസ് ലഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ആരും രേഖകൾ സമർപ്പിച്ചിട്ടില്ലെന്നറിയുന്നു. ഭൂവുടമകൾ വന്നില്ലെങ്കിൽ ജില്ലാ മജിസ്ടേറ്റിന്റെ അക്കൗണ്ടിലേക്ക് പണമടച്ച് സ്ഥലം ഏറ്റെടുക്കാൻ കഴിയുമെന്ന് സി.കെ. ആശ എംഎൽഎ പറഞ്ഞു.