നേരേകടവ് - മാക്കേക്കടവ് കായൽ പാലം പൂർത്തിയാക്കാൻ പുതിയ എസ്റ്റിമേറ്റ്
1339207
Friday, September 29, 2023 2:50 AM IST
വൈക്കം: പകുതിയിലധികം നിർമാണം പൂർത്തീകരിച്ച ശേഷം നിർമാണം നിലച്ച നേരേകടവ്-മാക്കേക്കടവ് കായൽ പാലത്തിന്റെ പൂർത്തീകരണത്തിനായി പിഡബ്ല്യുഡിയുടെ പുതിയ എസ്റ്റിമേറ്റ്.
പുതിയ എസ്റ്റിമേറ്റ് തുകയ്ക്കൊപ്പം പത്ത് ശതമാനം വർധനവും വരുത്തിയാണ് 2018 ലെ നിരക്കിൽ കരാർ നൽകുന്നത്. ആറു വർഷത്തോളം നിർമാണം നിലച്ചതിനാൽ കരാറുകാരനുണ്ടായ നഷ്ടം കൂടികണക്കിലെടുത്താണ് പത്ത് ശതമാനം വർധന.
പത്ത് ശതമാനം വർധനവിൽ പാലം പൂർത്തിയാക്കാൻ തയ്യാറാണെന്നാണ് കരാറുകാരൻ പിഡബ്ല്യുഡി സെക്രട്ടറിയെ അറിയിച്ചത്. പുതിയ എസ്റ്റിമേറ്റ് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.
പുതിയ എസ്റ്റിമേറ്റിനൊപ്പം പത്ത് ശതമാനം തുക കൂടി അനുവദിക്കുന്നതിൽ നിയമപരമായ തടസമുണ്ടോയെന്ന കാര്യം ധനകാര്യ വകുപ്പ് പരിശോധിക്കുകയാണ്.
പരിശോധനയിൽ നിയമപരമായ അംഗീകാരം ലഭിച്ചാൽ പാലം പൂർത്തിയാക്കാൻ ഉടൻ തുക അനുവദിച്ചു നിർമാണം ത്വരിതഗതിയിൽ പൂർത്തിയാക്കാമെന്നാണ് ധനകാര്യ പൊതുമരാമത്ത് വകുപ്പുമന്ത്രിമാർ ഉറപ്പു നൽകിയതെന്ന് സി.കെ. ആശ എംഎൽഎ പറഞ്ഞു.
സമീപ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിലെ തർക്കമാണ് പാലം നിർമാണം മുടങ്ങാനിടയാക്കിയത്. 2015ൽ ഡിസൈൻഡ് ടെണ്ടർ മുഖേനയാണ് നിർമാണ കരാർ നൽകിയത്.
2016 മുതൽ പിഡബ്ല്യുഡി പ്രൈസ് എന്ന സോഫ്റ്റ്വെയർ മുഖേന ഡൽഹിയിലെ റേറ്റിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഡിസൈൻഡ് ടെണ്ടർ പിഡബ്ല്യുഡി അവസാനിപ്പിച്ചതടക്കമുള്ള സാങ്കേതിക പ്രശ്നങ്ങൾ പാലം നിർമാണം നിലയ്ക്കാൻ ഇടയാക്കി.