കോട്ടയം മത്സര വള്ളംകളി ഒക്ടോബര്‍ ഏഴിന്; മത്സരിക്കാന്‍ ഒന്‍പത് ചുണ്ടന് വള്ളങ്ങള്‍
1339202
Friday, September 29, 2023 2:50 AM IST
കോട്ടയം: താഴത്തങ്ങാടി ആറ്റില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള കോട്ടയം മത്സര വള്ളംകളി ഏഴിന് നടക്കും. ഒന്‍പത് ചുണ്ടന്‍വള്ളങ്ങള്‍ മത്സരിക്കും. വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, ചുരുളന്‍ വിഭാഗങ്ങളിലായി മുപ്പതിലധികം കളിവള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും.
വിനോദസഞ്ചാര വകുപ്പ്, കോട്ടയം വെസ്റ്റ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ കോട്ടയം നഗരസഭയുടെയും തിരുവാര്‍പ്പ് പഞ്ചായത്തിന്റെയും സഹകരണത്തോടെയാണു വള്ളംകളി. ചെറുവള്ളങ്ങളുടെ രജിസ്ട്രേഷന് ഒക്ടോബര്‍ ഒന്നിനു വൈകുന്നേരം മൂന്നിന് അവസാനിക്കും. അതിനുശേഷം ക്യാപ്റ്റന്മാരുടെ യോഗവും ട്രാക്ക് നിര്‍ണയവും നടക്കും.
ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്കു രണ്ടിന് ഉദ്ഘാടന സമ്മേളനം. 2.30നു മാസ് ഡ്രില്‍. വൈകുന്നേരം മൂന്നിനു ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിക്കും. ഇതിനു പിന്നാലെ ചെറുവള്ളങ്ങളുടെ ഹീറ്റ്സും ഫൈനലും നടക്കും. ഇതിനു ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ നടക്കും.
വള്ളംകളി അവലോകന യോഗത്തില്‍ കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡന്റ് സുനില്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. പത്മകുമാര്‍, ക്ലബ് സെക്രട്ടറി സാജന് പി. ജേക്കബ്, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.എസ്. ഗിരീഷ്, ഉത്തരവാദിത്വ ടൂറിസം മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.എസ്. ഭഗത്, വള്ളംകളി കോഓര്‍ഡിനേറ്റര്‍മാരായ കെ.ജെ. ജേക്കബ്, പ്രഫ. കെ.സി. ജോര്‍ജ്, ലിയോ മാത്യു, തോമസ് കെ. വട്ടുകളം, കുമ്മനം അഷറഫ്, അബ്ദുല്‍ സലാം, കെ.ജി. കുര്യച്ചന് എന്നിവര്‍ പ്രസംഗിച്ചു. വള്ളംകളി കാണുന്നതിനു പാസുകള്‍ ബുക്ക് ചെയ്യാം: 9495704748, 9846885533.