സഞ്ചാരികളുടെ പറുദീസയായി ആനയാടിക്കുത്ത്
1339072
Thursday, September 28, 2023 11:49 PM IST
തൊടുപുഴ: വിനോദസഞ്ചാരകേന്ദ്രമായ ആനയാടിക്കുത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അവധിദിനമായിരുന്ന ഇന്നലെ വൻതിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. തൊമ്മൻകുത്തിനു സമീപമുള്ള ആനയാടിക്കുത്ത് അറിയപ്പെട്ടുതുടങ്ങിയിട്ട് അധികനാളുകളായില്ല.
ഇവിടത്തെ പ്രത്യേകതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതോടെയാണ് ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്തിത്തുടങ്ങിയത്. കൊച്ചുകുട്ടികൾക്കു പോലും സുരക്ഷിതമായി വെള്ളച്ചാട്ടത്തിൽ ഇറങ്ങാനും നീന്തിത്തുടിക്കാനും കഴിയുമെന്നതാണ് ഇവിടുത്തെ പ്രത്യേകത.
അപകടങ്ങൾ പതിവായതോടെ തൊമ്മൻകുത്ത് പുഴയിലിറങ്ങി കുളിക്കുന്നതിന് അധികൃതർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതു സഞ്ചാരികളെ നിരാശരാക്കി. ഇതോടെ തൊമ്മൻകുത്തിലെത്തുന്ന സഞ്ചാരികളെല്ലാം ആനയാടിക്കുത്തും സന്ദർശിച്ചാണ് മടങ്ങുന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ പ്രദേശവാസികൾ തങ്ങളുടെ വീടുകളോടു ചേർന്ന കച്ചവടവും ആരംഭിച്ചു. തികച്ചും കാർഷിക ഗ്രാമമായ ഇവിടെ പല കുടുംബങ്ങൾക്കും ഇതിലൂടെ അധിക വരുമാനം ലഭിക്കാനും തുടങ്ങി. ഇതിനു പുറമേ ഓട്ടോ, ടാക്സി സർവീസുകളും ജീപ്പ് സവാരിയുമെല്ലാം ഇന്ന് തൊമ്മൻകുത്തിന്റെ മുഖച്ഛായ തന്നെ മാറ്റുകയാണ്. ടൂറിസം മേഖലയിൽ നിരവധിപ്പേർക്കാണ് തൊഴിലവസരങ്ങൾ ലഭ്യമാകുന്നത്.
സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അധികൃതർ തയാറായാൽ പ്രദേശത്തിന്റെ വികസനത്തിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. ആനയാടിക്കുത്തിനു സമീപത്തുകൂടി കടന്നുപോകുന്ന നെയ്യശേരി-തൊക്കുന്പൻസാഡിൽ റോഡിന്റെ നിർമാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഇതു പൂർത്തിയായാൽ ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹം തന്നെയുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.