വ്യാപാരിയുടെ ആത്മഹത്യ: ബിനുവിന് വൻ സാന്പത്തിക ബാധ്യതയെന്ന് പോലീസ്
1339071
Thursday, September 28, 2023 11:49 PM IST
കോട്ടയം: കുടയംപടിയിലെ വ്യാപാരിയായിരുന്ന കെ.സി. ബിനു ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിനുവിനു വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണു പ്രാഥമിക നിഗമനം. ഒന്നില്‍ കൂടുതല്‍ ബാങ്കുകളില്‍നിന്ന് വായ്പ എടുത്തിരുന്നതായി പോലീസ് സംശയിക്കുന്നു. അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമാകുകയുള്ളൂവെന്നും ഗാന്ധിനഗര്‍ എസ്ഐ അജ്മല്‍ പറഞ്ഞു.
ബാങ്ക് ഭീഷണിപ്പെടുത്തിയെന്ന് വീട്ടുകാര്‍ ആരോപിക്കുന്ന ഓഡിയോ ക്ലിപ്പിലും അന്വേഷണം നടക്കുകയാണ്. കുടിശികവരുമ്പോള് ബാങ്കുകാര് വിളിക്കാറുണ്ട്. അത്തരത്തിലുള്ള സംഭാഷണമായാണ് മനസിലാക്കുന്നത്. കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും അജ്മല്‍ അറിയിച്ചു.
ബാങ്ക് ജീവനക്കാരന് മോശമായി സംസാരിക്കുന്നതും ഭീഷണി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നതും പുറത്തുവന്ന സംഭാഷണത്തിലുണ്ട്. ആത്മഹത്യ ചെയ്താല്‍ ഞങ്ങള്‍ക്ക് എന്താണെന്നും ആത്മഹത്യ ചെയ്യാനും അന്തസുവേണമെന്നു മാണ്് ബാങ്ക് ജീവനക്കാരന് ഇതിന് മറുപടിയായി നല്‍കുന്നത്. കര്‍ണാടക ബാങ്കിന്റെ നാഗമ്പടം ബ്രാഞ്ച് മാനേജരുടെ സംഭാഷണമാണെന്ന് വ്യക്തമാക്കി ബിനുവിന്റെ കുടുംബമാണ് ഓഡിയോ പുറത്തുവിട്ടത്.