നായവളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവിലെ കഞ്ചാവു വില്‍പ്പന: പ്രതി കാണാമറയത്തുതന്നെ
1339069
Thursday, September 28, 2023 11:49 PM IST
കോട്ടയം: നായ വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ പ്രതി പോലീസിന്റെ കാണാമറയത്ത് തുടരുന്നു. പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കുമാരനല്ലൂര്‍ സ്വദേശി റോബിന് ജോര്‍ജിനായി പോലീസ് അന്വേഷണം ഊര്‍ജിതമാണ്. ഇയാളുടെ ഒളിയിടം പോലീസ് മനസിലാക്കിയതായാണ് വിവരം. രണ്ട് ദിവസത്തിനുള്ളില്‍ പ്രതി വലയിലാകുമെന്ന് പോലീസ് പറയുന്നു.
കോട്ടയത്തെ കഞ്ചാവ്, ലഹരിമരുന്ന് മാഫിയ സംഘമാണ് റോബിന് താവളം ഒരുക്കുന്നതെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. ഇയാള്‍ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ഉപയോഗിക്കാത്തതിനാൽ ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. റോബിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നിരവധി പേരെ ഇതിനകം പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. റോബിനെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
കുമാരനല്ലൂരിലെ ഡെല്‍റ്റ കെ-9 നായ പരിശീലനകേന്ദ്രം വഴിയാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്. ഞായറാഴ്ച രാത്രി പത്തോടെ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 17.8 കിലോ കഞ്ചാവാണ് ഇവിടെനിന്നു പിടിച്ചെടുത്തത്. പോലീസിനെ കണ്ടതും നായ്ക്കളെ അഴിച്ചുവിട്ട് റോബിന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
കാക്കി വസ്ത്രം കണ്ടാല്‍ കടിക്കുകയും പ്രകോപിതരാവുകയും ചെയ്യും വിധത്തിലാണ് നായ്ക്കളെ ഇയാള്‍ പരിശീലിപ്പിച്ചിരുന്നത്. നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ഇവിടെ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി നേരത്തെതന്നെ പോലീസിനു വിവരം ലഭിച്ചിരുന്നു. നായയെ തുറന്നുവിടുന്നതിനാല്‍ പലപ്പോഴും പോലീസിന് പരിശോധന നടത്താന്‍ സാധിച്ചിരുന്നില്ല.
റോബിന്റെ പിതാവ് കസ്റ്റഡിയിൽ
ഗാന്ധിനഗര്‍: കഞ്ചാവ് കേസിലെ പ്രതി റോബിന് ജോര്‍ജിന്റെ പിതാവ് ജോര്‍ജി (56) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മരുന്ന് കഴിക്കുന്നയാളാണ് ജോര്‍ജ്. റോബിന്റെ കഞ്ചാവ് വില്‍പ്പനയെക്കുറിച്ചും എവിടെയാണ് ഒളിവില്‍ താമസിക്കുന്നതെന്നും ഇയാൾക്ക് അറിയാമെന്ന ധാരണയിലാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.