മധുരിക്കും ഓര്മകളോടെ അവര്‍ ഒത്തുകൂടി
1339023
Thursday, September 28, 2023 10:55 PM IST
രാമപുരം: സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 1990 മുതല്‍ 2017 വരെയുള്ള പൂര്‍വവിദ്യാര്‍ഥികളുടെ സംഗമം അവിസ്മരണീയമായി. സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്നേഹസംഗമം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു.
പൂര്‍വവിദ്യാര്‍ത്ഥിയും ജനപ്രതിനിധിയുമായ സ്മിത അലക്സ് തെങ്ങുംപള്ളി, രാമപുരം ഗ്രാമപഞ്ചായത്തംഗം സുശീലാകുമാരി മനോജ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മരിയ റോസ്, പി.ടി.എ പ്രസിഡന്റ് ബെന്നി മാത്യൂസ് കുളക്കാട്ടോലിക്കല് എന്നിവര്‍ പ്രസംഗിച്ചു.
ഓരോ ബാച്ചിലെയും വിദ്യാര്‍ഥികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഈ സംഗമത്തെ വര്‍ണാഭമാക്കി.