തരിശുനില ഭക്ഷ്യവിളകൃഷി: വിത്തിടീൽ ഉത്സവം നാളെ
1339022
Thursday, September 28, 2023 10:55 PM IST
എലിക്കുളം: കാർഷിക വിപണിയിലെ ഇടപെടലിനു പേരുകേട്ട കുരുവിക്കൂട് എലിക്കുളം നാട്ടുചന്ത ഭക്ഷ്യവിളകളുടെ കൃഷിയിലേക്കു കടക്കുന്നു. തരിശു കിടക്കുന്ന ഭൂമി കണ്ടെത്തി ഭക്ഷ്യയോഗ്യമായ വിളകൾ വിഷരഹിതമായി വിളയിക്കുന്നതിനാണു നാട്ടുചന്ത ഭരണസമിതി ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടമായി പതിനഞ്ചു വർഷത്തിലേറെയായി തരിശുകിടക്കുന്ന ഏഴാംമൈൽ പാമ്പോലി പഴയ കുറ്റിക്കാട്ട് പുരയിടത്തിലെ ഒന്നരയേക്കറിലാണ് മാതൃകാ ഭക്ഷ്യവിളത്തോട്ടം ഒരുങ്ങുന്നത്. വാഴ, മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, പച്ചമുളക്, വഴുതന, തക്കാളി, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുക. കുട്ടികൾക്കും കൃഷിയെ ഇഷ്ടപ്പെടുന്നവർക്കും ജൈവ കൃഷിരീതികൾ കണ്ടു പഠിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.
നാളെ ഉച്ചകഴിഞ്ഞ് 12.30ന് മാണി സി. കാപ്പൻ എംഎൽഎ വിത്തിടീൽ ഉത്സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിക്കും. പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലെൻസി തോമസ് പദ്ധതി വിശദീകരണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിത്സൻ, പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്ട്, സിനി ജോയ്, ആശാമോൾ, കൃഷി ഓഫീസർ കെ. പ്രവീൺ, നാട്ടു ചന്ത പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ, എ.ജെ. അലക്സ് റോയ്, രാജു അമ്പലത്തറ, കെ.ജെ. ജെയ്നമ്മ, വിത്സൻ പാമ്പൂരി, മോഹനകുമാർ കുന്നപ്പള്ളി കരോട്ട്, ഔസേപ്പച്ചൻ ഞാറയ്ക്കൽ, സോണി ഗണപതി പ്ലാക്കൽ തുടങ്ങിയവർ പ്രസംഗിക്കും.