വൃത്തി വേണോ കാമറ വേണം!
1339016
Thursday, September 28, 2023 10:55 PM IST
അടിമുടി മാറി എരുമേലി വനപാത
എരുമേലി: ഏതാനും രഹസ്യ കാമറകൾകൊണ്ട് ഒരു റോഡ് വൃത്തിയിലായ കാഴ്ച കാണാം എരുമേലി - റാന്നി സംസ്ഥാന പാതയിലെ മുക്കട മുതൽ കനകപ്പലം വരെ. ഇത്രയും ഭാഗം പൂർണമായും വനത്തിലൂടെയാണ് കടന്നുപോകുന്നത്. റോഡിന്റെ ഒരു വശത്ത് കുറെ ഭാഗം വിജനമായ ചെറുവള്ളി എസ്റ്റേറ്റ് ആണ്.
കുപ്രസിദ്ധി
കുപ്രസിദ്ധി നിറഞ്ഞ വനപാതയായിരുന്നു ഇത് കുറേവർഷം മുമ്പുവരെ. ടാക്സി ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ടുവന്ന് കാറിനുള്ളിലിട്ട് കൊലപ്പെടുത്തിയത് ഉൾപ്പെടെ നിരവധി ആത്മഹത്യകളും ദുരൂഹത നിറഞ്ഞ മരണങ്ങളുമാണ് കുപ്രസിദ്ധി നിറച്ചത്. പകൽസമയത്തും ഇരുട്ട് നിറഞ്ഞ ഈ പാതയിലൂടെ രാത്രിയിൽ വരാൻ ആരും ഭയന്നിരുന്ന അവസ്ഥ മെല്ലെയാണ് മാറിയത്.
ദുർഗന്ധം
കുപ്രസിദ്ധി മാറിത്തുടങ്ങി യാത്രാഭീതി ഒഴിഞ്ഞപ്പോൾ മാലിന്യങ്ങളുടെ ദുർഗന്ധം മൂലം ആർക്കും മൂക്ക് പൊത്താതെ കടന്നുപോകാൻ പറ്റില്ലന്നായി. ചത്ത മൃഗങ്ങളും അവയുടെ അവശിഷ്ടങ്ങളും റോഡിൽ ചിതറി കിടക്കുന്ന കാഴ്ച പതിവായിരുന്നു. വിൽക്കാൻ കഴിയാതെ അവശേഷിക്കുന്ന മീനും പച്ചക്കറിയുമൊക്കെ ഈ റോഡിന്റെ വശങ്ങളിലാണ് തള്ളിയിരുന്നത്.
കക്കൂസ് മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ പലതും രാത്രി ഇവിടെയാണ് മാലിന്യങ്ങൾ തള്ളിയിരുന്നത്. പലതവണ പാത വൃത്തിയാക്കിയെങ്കിലും മാലിന്യം തുടർന്നുകൊണ്ടിരുന്നു
കുട്ടികളുടെ മുന്നറിയിപ്പ്
ബോധവത്കരണമായി മുന്നറിയിപ്പ് ബോർഡുകൾ പ്രദേശത്തെ എൻഎംഎൽപി സ്കൂളിലെ കുട്ടികൾ സ്ഥാപിച്ചിട്ടും മാലിന്യമിടലിന് അറുതിയുണ്ടായില്ല. വനംവകുപ്പ് സ്ഥാപിച്ച ബോർഡുകളുടെ ചുവട്ടിലും മാലിന്യമിടുന്നതാണ് പിന്നീടു കണ്ടത്.
വൃത്തിയാക്കി കാമറ വച്ചു
റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നേതൃത്വത്തിൽ കഴിഞ്ഞയിടെ രണ്ടു ദിവസംകൊണ്ട് മുഴുവൻ മാലിന്യങ്ങളും വാരി ലോറികളിൽ കയറ്റി മറവുചെയ്ത ശേഷം നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പിന്നെ മാലിന്യങ്ങൾ എത്തിയതോടെ കാമറ ദൃശ്യങ്ങളിലൂടെ പ്രതികളെയും വാഹനങ്ങളെയും പിടുകൂടി മാലിന്യങ്ങൾ തിരിച്ചെടുപ്പിക്കലും കേസെടുക്കലും പിഴചുമത്തലും തുടങ്ങി. ഇതോടെ പാത മാലിന്യമുക്തമായെന്ന് റേഞ്ച് ഓഫീസർ പറയുന്നു.
വിശ്രമകേന്ദ്രങ്ങൾ
എരുമേലി വനം റേഞ്ച് ഐഎസ്ഒ സർട്ടിഫിക്കേഷനിൽ എത്തിയതിന്റെ ഭാഗമായി ഇനി ഈ പാതയുടെ വശങ്ങളിൽ വിശ്രമ കേന്ദ്രങ്ങൾ നിർമിക്കുമെന്നും ഇരിപ്പിടങ്ങൾ തയാറാക്കുമെന്നും യാത്രികർക്ക് നല്ല ദൃശ്യാനുഭവം പകരുന്ന ശലഭോദ്യാനം, മഴ മാപിനികൾ ഉൾപ്പെയുള്ള പദ്ധതികൾ സ്കൂൾ, കോളജ് വിദ്യാർഥികളുമായി ചേർന്ന് നടത്താൻ ആലോചനയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനി മാറേണ്ടതു കനകപ്പലം
മുക്കട മുതൽ കനകപ്പലം വരെ കാമറകൾകൊണ്ട് റോഡ് വൃത്തിയിലായപ്പോൾ കനകപ്പലം മുതൽ നെടുങ്കാവുവയൽ വരെയുള്ള വെച്ചൂച്ചിറ റോഡിലെ വനപാതയിലാണ് ഇപ്പോൾ മാലിന്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. വിജനത നിറഞ്ഞ ഈ പാതയിലും കാമറ നിരീക്ഷണം ആരംഭിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.