വൈക്കം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റും ആരംഭിച്ചു
1338988
Thursday, September 28, 2023 2:47 AM IST
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ചു പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റും പ്രവർത്തനം ആരംഭിച്ചു.
2021ൽ പ്രവർത്തനം തുടങ്ങിയ ഡയാലിസിസ് സെന്റർ ഇതുവരെ രാവിലെ 7.30 മുതൽ 11.30 വരെയാണ് പ്രവർത്തിച്ചിരുന്നത്. ഇന്നലെ മുതൽ 12.30 മുതൽ 4.30 വരെയുള്ള രണ്ടാമത്തെ ഷിഫ്റ്റും പ്രവർത്തനമാരംഭിച്ചു.
നിലവിൽ എട്ട്പേർക്ക് വരെ ഒരുസമയം ഡയാലിസിസ് നടത്തി വന്നിരുന്നത് ഇനി 16 പേർക്ക് വരെ ഉപയോഗപ്പെടുത്താൻ കഴിയും. ആരോഗ്യ ഇൻഷ്വറൻസ് ഉള്ളവർക്ക് പൂർണമായും സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലുമാണ് ഇവിടെ ഡയാലിസിസ് സൗകര്യം ലഭ്യമായി വരുന്നത്.
പുതിയ ഷിഫ്റ്റ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് സി.കെ. ആശ എംഎൽഎ, വൈക്കം നഗരസഭാ ചെയർപേഴ്സൺ രാധികാ ശ്യാം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ഷാജി, നഗരസഭ കൗൺസിലർ അശോകൻ വെള്ളവേലി എന്നിവർ ഡയാലിസിസ് സെന്ററിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.