കടുത്തുരുത്തി - അറുനൂറ്റിമംഗലം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം ശക്തം
1338987
Thursday, September 28, 2023 2:47 AM IST
കടുത്തുരുത്തി: തകര്‍ന്ന് കിടക്കുന്ന കടുത്തുരുത്തി - അറുനൂറ്റിമംഗലം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യം ശക്തമായി. ഏറേ നാളുകളായി തകര്‍ന്ന് കിടന്ന കടുത്തുരുത്തി - പെരുവ റോഡില്‍, പെരുവ മുതല്‍ അറുനൂറ്റിമംഗലം വരെയുള്ള റോഡ് ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയിരുന്നു.
അറുനൂറ്റിമംഗലം മുതല്‍ കടുത്തുരുത്തി വരെ റോഡ് പൂര്‍ണമായും തകര്‍ന്ന് കിടക്കുകയാണ്. അറുനൂറ്റിമംഗലത്ത് റോഡ് അവസാനിക്കുന്ന ജംഗ്ഷന് മുതല്‍ കടുത്തുരുത്തിയിലേക്കുള്ള നാലരക്കിലോമീറ്റര്‍ ദൂരത്തില്‍ കുണ്ടും കുഴിയുമായും മെറ്റല്‍ ഇളകിയും റോഡ് തകര്‍ന്ന് കിടക്കുകയാണ്.
തകര്‍ന്ന് കിടക്കുന്ന കീഴൂര്‍, ഞീഴൂര്‍ റോഡുകളും സംഗമിക്കുന്നത് അറുനൂറ്റിമംഗലത്താണ്. ഇവിടുത്തെ ജംഗ്ഷനില്‍ ഇളകി കിടക്കുന്ന മെറ്റല്‍ വാഹനങ്ങളുടെ ചക്രത്തില്‍ തട്ടി തെറിച്ച് അപകടം ഉണ്ടാകുന്നതും പതിവാണ്.
അറുനൂറ്റിമംഗലം - കടുത്തുരുത്തി റൂട്ടില്‍ ജലവിതരണ പൈപ്പ് സ്ഥാപിച്ചു തീരാത്തതാണ് റോഡ് പണിക്കു തടസമാകു ന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പൈപ്പിടുന്ന കരാറുകാരന് പൂര്‍ത്തിയാക്കിയ ജോലിയുടെ പണം കൊടുത്തിട്ടില്ലെന്നും പറയുന്നു.
സര്‍ക്കാര്‍ പൈപ്പുകള്‍ ഇറക്കി തന്നാല്‍ ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാമെന്നും കരാറുകാരന് പറയുന്നതായി നാട്ടുകാര്‍ പറയുന്നു. പൈപ്പിടുന്ന പണികള്‍ പൂര്‍ത്തിയാകാതെ റോഡ് പണി നടത്താന്‍ കഴിയില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.