ഐസക് കാട്ടുവള്ളി ഓര്‍മയായി
1338986
Thursday, September 28, 2023 2:47 AM IST
കോട്ടയം: കോട്ടയത്തിന്റെ ആത്മീയ സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഐസക് കാട്ടുവള്ളി (98) ഓര്‍മയായി.
വടവാതൂര്‍ സെന്റ് തോമസ് അപ്പൊസ്തോലിക് സെമിനാരിയുടെ സ്ഥാപനം മുതല്‍ സെമിനാരിയുമായി ആത്മ ബന്ധം പുലര്‍ത്തിയിരുന്ന ഇദ്ദേഹം സെമിനാരിക്ക് സ്ഥലം വാങ്ങിയതു മുതല്‍ കെട്ടിടനിര്‍മാണം വരെയും പിന്നീടുള്ള സെമിനാരിയുടെ വളര്‍ച്ചാഘട്ടത്തിലും അഭ്യുദയകാംക്ഷിയായും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ദീര്‍ഘകാല ഉദ്യോഗത്തില്‍നിന്നു വിരമിച്ചശേഷം വടവാതൂർ തലപ്പാടിയില്‍ ഇദ്ദേഹം താമസമാക്കി. പുമ്മറ്റം പള്ളിയില്‍ സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റ്ററായി ഏറെക്കാലം പ്രവര്‍ത്തിച്ചു.
ആദ്യ ഘട്ടത്തില്‍ മതബോധന പരിശീലനത്തിനു സൗകര്യമില്ലാതിരുന്നപ്പോള്‍ സ്വന്തം വീട്ടില്‍ വടവാതൂര്‍ സെമിനാരി വിദ്യാര്‍ഥികളുടെ സഹകരണത്തോടെ മതബോധനം പകര്‍ന്നു നല്കി.
മദ്യവര്‍ജന പ്രസ്ഥാനത്തിലും കോട്ടയം ബൈബിള്‍ കണ്‍വന്‍ഷനിലും മുന്‍ നിരയിലുണ്ടായിരുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപനം മുതല്‍ പാര്‍ട്ടിയില്‍ നിലകൊണ്ട ഇദ്ദേഹം കര്‍ഷക യൂണിയന് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
കോട്ടയം പൗരസമിതിയുടെ നേതൃനിരയിലും ഏറെക്കാലം പ്രവര്‍ത്തിച്ചു. കോട്ടയത്തിന്റെ സാംസ്കാരിക രംഗത്തെ നിത്യസാന്നിധ്യമായിരുന്നു. നിരവധി കത്തോലിക്ക ദേവാലയങ്ങള്‍ക്കും സെമിനാരികള്‍ക്കും മഠങ്ങള്‍ക്കും സ്ഥലം കണ്ടെത്തിക്കൊടുക്കാനും നിര്‍മാണത്തില്‍ സഹകാരിയാകാനും ഇദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
റിട്ടയേര്‍ഡ് ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റായിരിക്കെ ബാങ്ക് ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമായി. കോട്ടയത്തെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലും ഐസക് കാട്ടുവള്ളി സജീവമായിരുന്നു. ദീപികയുടെ ഉറ്റ ബന്ധുവും അഭ്യുദയകാംക്ഷിയുമായിരുന്നു.