സ്കാനിംഗ് റിപ്പോർട്ടിൽ പിഴവ്: വിശദീകരണം തേടി മെഡിക്കൽ കോളജ് അധികൃതർ
1338985
Thursday, September 28, 2023 2:47 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ സ്കാനിംഗ് റിപ്പോർട്ടിൽ പിഴവ് ബോധ്യപ്പെട്ടതോടെ ടെലി മെഡിസിൻ വിഭാഗത്തിലെ ഡോക്ടറോട് കോളജ് അധികൃതർ റിപ്പോർട്ട് തേടി. വയറുവേദനയെത്തുടർന്ന് ചികിത്സ തേടിയെത്തിയ രോഗിയുടെ വയറ്റിൽ മുഴയുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സംശയം തോന്നിയ ഡോക്ടർ മുഴ സ്കാൻ ചെയ്യാൻ നിർദേശിച്ചു. തുടർന്ന് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്കാനിംഗ് സെന്ററിൽ എംആർഐ സ്കാൻ ചെയ്തു. ഈ റിപ്പോർട്ടിൽ മുഴ ഇല്ലെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
റിപ്പോർട്ട് പരിശോധിച്ച ഡോക്ടർക്ക് റിപ്പോർട്ടിൽ സംശയം തോന്നുകയും വീണ്ടും സ്കാൻ ചെയ്യാൻ നിർദേശിക്കുകയുമായിരുന്നു. വീണ്ടും രോഗിയെ സ്കാൻ ചെയ്തപ്പോൾ രോഗിക്ക് മുഴ ഉണ്ടെന്നുള്ള റിപ്പോർട്ടാണ് ലഭിച്ചത്.
ഇതോടെ രോഗിയും ബന്ധുക്കളും മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നല്കിയശേഷം സ്വകാര്യ ആശുപത്രിയെ സമീപിക്കുകയുമായിരുന്നു. രോഗിയുടെ പരാതി കൂടാതെ മുൻ ഭരണാധികാരിയായ ഒരു ഡോക്ടർ കോളജ് പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് ഇന്നലെ കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിയന്തരമായി യോഗം ചേർന്ന് അന്വേഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
മെഡിക്കൽ കോളജിലെ സ്കാനിംഗ് റിപ്പോർട്ട് തയാറാക്കുന്നത് അർധ സർക്കാർ സ്ഥാപനമായ എച്ച്എൻഎൽ - ലെ റേഡിയോളജി വിഭാഗത്തിലെ ഡോക്ടറാണ്. ടെലി മെഡിസിൻ സംവിധാനം വഴിയാണ് ഇതു ചെയ്യുന്നത്. 30 ശതമാനം വരെ റിപ്പോർട്ടിൽ തെറ്റുകൾ സംഭവിക്കാറുണ്ട്. ഇത് ഡോക്ടർമാർ കണ്ടുപിടിച്ച് തിരുത്താറുമുണ്ട്.
അത്തരത്തിലുള്ള പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. മെഡിക്കൽ കോളജ് അധികൃതർ നിശ്ചയിക്കുന്ന പാനലിൽനിന്നാണ് അർധ സർക്കാർ സ്ഥാപനത്തിൽ ഡോക്ടറെ നിയമിക്കുന്നത്.
അതിനാൽ ഈ സ്ഥാപനത്തിലെ ഡോക്ടർമാരോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഡോക്ടറെ സർവീസിൽനിന്നു നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.