ഈരയില്‍ക്കടവ്-മുപ്പായിക്കാട് റോഡ് നാറ്റമല്ലാതെ മാറ്റമില്ല!
1338982
Thursday, September 28, 2023 2:47 AM IST
കോട്ടയം: ഈരയില്‍ക്കടവ്-മുപ്പായിക്കാട് റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് മൂക്ക് പൊത്താതെ യാത്ര ചെയ്യാനാവില്ല.
റോഡരികില്‍ ശുചിമുറി മാലിന്യം ഉള്‍പ്പെടെ തള്ളിയിട്ടും നഗരസഭ അറിഞ്ഞ മട്ടില്ല. പച്ചക്കറി, പഴകിയ ഭക്ഷണം, അറവു ശാലകളില്‍നിന്നുള്ള മാലിന്യം, ശുചിമുറി മാലിന്യം തുടങ്ങിയവയാണ് ഇവിടെ തള്ളുന്നത്.
ചത്ത മൃഗങ്ങളെ ഇവിടെ കൊണ്ടുവന്ന് തള്ളുന്നതും പതിവാണ്. കഴിഞ്ഞ ദിവസം കൊണ്ടുവന്നു തള്ളിയ നായയുടെ അഴുകിയ ശരീരം പ്രദേശത്താകെ ദുര്‍ഗന്ധം വമിപ്പിക്കുകയാണ്. പ്ലാസ്റ്റിക്കും ഡയപ്പറുകളുമാണ് പ്രദേശമാകെ. മണ്‍വഴിയിലെ കുഴികള്‍ നികത്തിയതുപോലും മാലിന്യം വലിച്ചിട്ടാണ്. ഡയപ്പറും പ്ലാസ്റ്റിക് കൂടുകളും കുപ്പികളുമാണ് വഴി നിറയെ.
നഗരസഭയുടെ നാട്ടകം സോണല്‍ ഓഫീസില്‍ 15 ശുചീകരണ തൊഴിലാളികളുണ്ടെങ്കിലും ആരും ഈ വഴി വരാറില്ലെന്ന് ജനങ്ങള്‍ പറയുന്നു.
ഇവിടെനിന്ന് മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ താത്പര്യം കാണിക്കുന്നുമില്ല. പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്ന ആവശ്യവും ചെവിക്കൊണ്ടമട്ടില്ല. രാത്രി ഡ്യൂട്ടിക്ക് വാച്ചര്‍മാരെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും നഗരസഭ അനുകൂല തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
കൗണ്‍സില്‍ യോഗത്തില്‍ പല തവണ വിഷയം വന്നിട്ടും മുപ്പായിക്കാട് പ്രദേശത്തെ മാലിന്യത്തില്‍നിന്നു നാറ്റംവമിച്ചതല്ലാതെ മാറ്റംവന്നില്ല. മാലിന്യം കുന്നുകൂടിയതോടെ തെരുവുനായകളുടെ ശല്യവും പ്രദേശത്ത് വര്‍ധിച്ചിരിക്കുകയാണ്.