ശബരി വിമാനത്താവളം : ചെറുവള്ളി എസ്റ്റേറ്റിന്റെ അതിരുകള്‍ അടയാളപ്പെടുത്തും
1338785
Wednesday, September 27, 2023 11:01 PM IST
കോട്ടയം: ശബരി വിമാനത്താവളം നിര്‍മാണം സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടന്‍ വരാനിരിക്കെ ബിലീവേഴ്സ് ചര്‍ച്ചിന്റെ കൈവശത്തിലുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ അതിരുകള്‍ നിശ്ചയിക്കുന്ന നടപടി അടുത്ത മാസം ആരംഭിക്കും. 15 ചതുരശ്ര കിലോമീറ്ററിലായി 2500 ഏക്കര്‍ തോട്ടം ആധാരവും സര്‍വേ പ്ലാനും അടിസ്ഥാനമാക്കി അളന്നു തിട്ടപ്പെടുത്തി അതിരു നിശ്ചയിക്കാനുള്ള ജോലിക്ക് ഉടന്‍ ടെന്‍ഡര്‍ വിളിക്കും.
എയര്‍പോര്‍ട്ട് കണ്‍സൾട്ടന്റായ ലൂയി ബർഗറിന്റെ മേല്‍നോട്ടത്തിലാകും അതിരിടല്‍ നടക്കുക. ഇതിന് ഭൂമി അളക്കുന്നതിനുള്ള ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളായിരിക്കും ഉപയോഗിക്കുക. ചെറുവള്ളി തോട്ടം എന്നറിയപ്പെടുന്ന എസ്റ്റേറ്റിന് എത്ര രൂപ വില മതിക്കുമെന്ന് ആസ്തിവകകള്ക്കൂടി വിലയിരുത്തിയശേഷം നിശ്ചയിക്കും. നിശ്ചിത തുക സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചശേഷം ട്രഷറിയില്‍ കെട്ടിവച്ചശേഷമായിരിക്കും ഏറ്റെടുക്കല്‍.
റണ്വേയ്ക്കുസമീപം ദേശവാസികളില്നിന്ന് ഏറ്റെടുക്കുന്ന 308 ഏക്കര്‍ സ്ഥലം അടുത്തഘട്ടമായി അളക്കും. ഒക്ടോബര്‍ അവസാനത്തോടെ അതിരിടല്‍ തുടങ്ങും. ആദ്യ വിജ്ഞാപനത്തില്‍ വന്ന സര്‍വേ നമ്പരുകളിലെ മുഴുവന്‍ ഭൂമിയും റണ്‍വേ നിര്‍മാണത്തിനു വേണ്ടിവരില്ലെന്നാണ് സൂചന. ഓരോ വ്യക്തിയുടെയും ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീര്‍ണം, ഓരോ സര്‍വേ നമ്പരിന്റെയും പൊന്നുംവില സബ് ഡിവിഷന് നടത്തി പ്രത്യേകമായി അടയാളപ്പെടുത്തും. കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പും വൃക്ഷവില വനംവകുപ്പും കൃഷിനഷ്ടം കൃഷിവകുപ്പും നിശ്ചയിക്കും. റബര്‍ മരങ്ങളുടെ വിവരം റബര്‍ ബോര്‍ഡാണ് രേഖപ്പെടുത്തുക. ഇതിനുശേഷം നഷ്ടപരിഹാര പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കും.