വ്യാപാരിയുടെ ആത്മഹത്യ: ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്
1338781
Wednesday, September 27, 2023 11:01 PM IST
കോട്ടയം: കുടയംപടിയിലെ വ്യാപാരിയായിരുന്ന കെ.സി. ബിനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ബാങ്ക് ജീവനക്കാരന് മോശമായി സംസാരിക്കുന്നതും ഭീഷണി തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിനു പറയുന്നതും സംഭാഷണത്തിലുണ്ട്.
ആത്മഹത്യ ചെയ്താല്‍ ഞങ്ങള്‍ക്ക് എന്താണെന്നും ആത്മഹത്യ ചെയ്യാനും അന്തസു വേണമെന്നാണ് ബാങ്ക് ജീവനക്കാരന് ഇതിന് മറുപടി നല്‍കുന്നത്. കര്‍ണാടക ബാങ്കിന്റെ നാഗമ്പടം ബ്രാഞ്ച് മാനേജരുടെ സംഭാഷണമാണെന്ന് വ്യക്തമാക്കി ബിനുവിന്റെ കുടുംബമാണ് ഓഡിയോ പുറത്തുവിട്ടത്.
നാണം കെടുത്തിയാല്‍ ആത്മഹത്യ മാത്രമേ വഴിയുള്ളൂവെന്ന് ബിനു പറയുമ്പോള്‍ കാശു വാങ്ങുമ്പോള്‍ ഓര്‍ക്കണമെന്നാണ് മറുപടി. രാവിലെ കടയില്വരുമെന്ന് പറഞ്ഞ് ബാങ്ക് ജീവനക്കാരന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ബാങ്കിലെ ജീവനക്കാരനായ പ്രദീപ് എന്ന വ്യക്തിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. മരിച്ചാല്‍ ഉത്തരവാദി ബാങ്ക് ജീവനക്കാരനെന്ന് ബിനു പറഞ്ഞിരുന്നതായി മകള്‍ നന്ദന വെളിപ്പെടുത്തി. ഓഡിയോ പോലീസിനു കൈമാറി.
ബാങ്കിനെതിരേ സമരം പ്രഖ്യാപിച്ച് വ്യാപാരികൾ
കോട്ടയം: വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റിലെ കെ.സി. ബിനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക ബാങ്ക് മാനേജര്‍ക്കെതിരേയും ജീവനക്കാര്‍ക്കെതിരേയും കൊലക്കുറ്റത്തിന് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുക, ബിനുവിന്റെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി കുറഞ്ഞത് 25 ലക്ഷം രൂപ നല്‍കുക തുടങ്ങിയ സംഘടനയുടെ ആവശ്യം ഉടന്‍ ബാങ്ക് നടപ്പാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുന്നതിനു വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.
കര്‍ണാടക ബാങ്ക് സഹകരിച്ചില്ലെങ്കില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ബഹിഷ്കരിക്കുന്നത് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ ആരംഭിക്കും. നാളെ ബാങ്ക് പടിക്കല്‍ ജില്ലയിലെ വ്യാപാരികള്‍ രാവിലെ 10 മുതല്‍ 12 വരെ ധര്‍ണ നടത്തും.
സമരം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം. കെ. തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തും.