ഫ്യൂച്ചർ സ്റ്റാർ പ്രൊജക്ടിലെ പ്രതിഭകൾ അമൽജ്യോതിയിലെ ഐഡിയ ലാബ് സന്ദർശിച്ചു
1338770
Wednesday, September 27, 2023 10:23 PM IST
കാഞ്ഞിരപ്പളളി: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർ പ്രൊജക്ടിലെ വിദ്യാർഥികൾ അമൽ ജ്യോതി എൻജിനിയറിംഗ് കോളജിലെ ഐഡിയ ലാബ് സന്ദർശിച്ചു.
വിദ്യാർഥികൾക്കിടയിൽ സർഗാത്മകവും സംരഭകത്വകരവുമായ സാധ്യതകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വാണിജ്യപരമായി ലാഭകരമായ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുകയും തൊഴിലും വരുമാന വർധനവും ജീവിത ഗുണമേന്മ വർധനവും ഐഡിയ ലാബ് ലക്ഷ്യമിടുന്നു.
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (എഐസിടിഇ) യുടെ സാങ്കേതികവും വിജ്ഞാനപരവുമായ പിന്തുണ പ്രയോജപ്പെടുത്തി വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ സാങ്കേതികവിദ്യ സ്വായത്തമാക്കാൽ വിദ്യാർഥികളെ പര്യാപ്തമാക്കുയാണ് ഐഡിയ ലാബിന്റെ ഉദ്ദേശം. വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ആർട്ടിഫിഷൽ ഇന്റലിജന്റ്സ്, റോബോട്ടിക്സ്, മെറ്റാവേഴ്സ്, ഓട്ടോമേഷൻ, ഒപ്റ്റിക്കൽ ഫൈബർ തുടങ്ങിയ നൂതന സങ്കേതങ്ങളെക്കുറിച്ചും അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ അധ്യാപകർ കുട്ടികൾക്ക് അറിവ് പകർന്നു. കൂടാതെ ഐഷർ, റോയൽ എൻഫീൽഡ്, യമഹ, ബോസ്ച് തുടങ്ങിയ കമ്പനികളുടെ ലിങ്കേജ് സെന്ററുകളും കുട്ടികൾ സന്ദർശിച്ചു.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ150 വിദ്യാർഥികൾ സേവനം പ്രയോജനപ്പെടുത്തി. ഐഡിയ ലാബ് സന്ദർശനത്തോടൊപ്പം വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കുകയും വിജയികൾക്ക് അമൽജ്യോതി കോളജ് മാനേജർ റവ.ഡോ. മാത്യു പായിക്കാട്ട് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് , ഫ്യൂച്ചർ സ്റ്റാർസ് പ്രൊജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ്, ജോർജ് കരുണക്കൽ, പ്രഫ. എബി വർഗീസ്, ഷെറിൻ സാം ജോസ് (സിഇഒ സ്റ്റാർട്ട്സ് അപ് അമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ടിബിഐ, ഫ്യൂച്ചർ സ്റ്റാർ പ്രൊജക്ട് സെക്രട്ടറി എം.ജി. സുജ, ഡോ. മാത്യു കണമല, അഭിലാഷ് ജോസഫ്, പി.എ. ഇബ്രാഹിംകുട്ടി, പ്രഫ. ജീപ്സൺ വർഗീസ് നിയാസ് എംഎച്ച്, പ്രിയ ബേബി, ബിനോയ് സി. ജോർജ് , സുധാഷ സാജൻ, മാർട്ടിൻ ജെയിംസ് എന്നിവർ നേതൃത്വം നല്കി.