കണ്ണിമലയെ വിടാതെ കാട്ടാനകൾ : വീണ്ടും കൃഷി നാശം
1338769
Wednesday, September 27, 2023 10:23 PM IST
എരുമേലി: കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടി കണ്ണിമലയിലെ നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയെത്തിയ ആനകളെ തുരത്തിയത് രണ്ട് മണിക്കൂറിന് ശേഷം. അതുവരെ അപകടത്തിന്റെ വക്കിലായിരുന്നു പ്രദേശവാസികൾ.
മിനി ബാലന്റെ കൃഷി പൂർണമായും ആനകൾ തകർത്തു. വീടിന് മുമ്പിൽ 50 മീറ്റർ അകലെയാണ് ആനകൾ എത്തിയതെന്ന് മിനി പറയുന്നു. കൃഷികൾ തകർക്കുന്ന ശബ്ദം കേട്ട് ഉറക്കം ഉണർന്ന മിനി ബാലൻ കിടപ്പുമുറിയിലെ ജനാല തുറന്ന് ടോർച്ച് തെളിച്ച് വെട്ടം പ്രകാശിപ്പിച്ചത് കൊമ്പനാനയുടെ നേർക്കായിരുന്നു.
അപ്പോഴുണ്ടായ ഞെട്ടൽ മറക്കാൻ കഴിയില്ലെന്ന് മിനി പറയുന്നു. കഴിഞ്ഞയിടെയാണ് ഈ പ്രദേശത്തു നിന്ന് പുലിയെ കെണിവച്ച് പിടിച്ചത്. അതിന്റെ ഭീതി മാറിയിട്ടില്ല. ആനകൾ കാടിറങ്ങി തുടർച്ചയായി മേഖലയിൽ ഭീതി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
അയൽവാസികളെയും വനപാലകരെയും വിളിച്ചുവരുത്തിയാണ് കഴിഞ്ഞ രാത്രിയിൽ ആനകളെ തുരത്തിയത്. സൗര വൈദ്യുതി ചാർജ് ചെയ്യുന്ന വേലികൾ സ്ഥാപിക്കാൻ പദ്ധതി നടപ്പിലാക്കി വരികയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.