മാലിന്യമുക്തം നവകേരളം നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണയോഗം
1338768
Wednesday, September 27, 2023 10:23 PM IST
പൊൻകുന്നം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണയോഗം നാളെ രാവിലെ 10.30ന് ചിറക്കടവ് പഞ്ചായത്ത് ഓഫീസിൽ നടക്കുമെന്ന് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അറിയിച്ചു.
സംസ്ഥാന സർക്കാർ നാട്ടിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ സമഗ്രവും ശാസ്ത്രീയവുമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് മാലിന്യമുക്തം നവകേരളം. ഇതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ക്ലീന്‍ കാഞ്ഞിരപ്പള്ളി ഗ്രീന്‍ കാഞ്ഞിരപ്പള്ളി പദ്ധതിയിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് യോഗം ചേരുന്നത്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്‍പതു പഞ്ചായത്തുകളിലെയും മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും 2023 ഡിസംബര്‍ 31 ന് മാലിന്യമുക്ത മണ്ഡലമായി കാഞ്ഞിരപ്പള്ളിയെ പ്രഖ്യാപിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
സംഘാടക സമിതി രൂപീകരണയോഗത്തില്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണുകള്‍, കുടുംബശ്രീ ഭാരവാഹികള്‍, സര്‍ക്കാരിന്റെ വിവിധ മിഷനുകളുടെ ചുമതലക്കാര്‍, റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികള്‍, സമുദായ നേതാക്കള്‍ ഉള്‍പ്പെടെ വിവിധ വിഭാഗം ജനങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.