കാരുണ്യത്തിന്റെ കൈകളുമായി സ്നേഹ വണ്ടി യാത്ര തുടരുന്നു
1338766
Wednesday, September 27, 2023 10:23 PM IST
ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും സ്നഹവും പ്രകടമാക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർഥികൾ ജൂൺ മാസം മുതൽ തുടങ്ങിയ സ്നേഹ വണ്ടി യാത്ര തുടരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും സ്കൂളിൽനിന്നു പുറപ്പെടുന്ന സ്നേഹവണ്ടി വിവിധ അനാഥാലയങ്ങളിൽ എത്തിച്ചേരും.
അറുപതോളം ചോറുംപൊതിയും കറിക്കൂട്ടങ്ങളുമായിട്ടാണ് സ്നേഹ വണ്ടി പുറപ്പെടുന്നത്. സ്കൂളിലെ ആയിരത്തോളം വിദ്യാർഥികളും ഇതിൽ പങ്കാളികളാകുന്നു എന്നതാണ് സ്നേഹ പൊതിയുടെ പ്രത്യേകത.
പാലാ മരിയസദനത്തിലെ മുത്തോലിയിലുള്ള തല ചായ്ക്കാൻ ഒരിടം എന്ന സ്ഥാപനത്തിലാണ് ഈ ആഴ്ചയിലെ സ്നേഹ വണ്ടി എത്തിയത്. അന്തേവാസികൾക്ക് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്നേഹ പൊതികൾ വിതരണം ചെയ്തു.
മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മാസ്റ്റർ സാബു മാത്യു, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.