പാലാ അല്‍ഫോന്‍സാ കോളജിന് ജി.വി. രാജ അവാര്‍ഡ്
1338765
Wednesday, September 27, 2023 10:23 PM IST
പാലാ: അറുപത് വര്‍ഷമായി സ്ത്രീശക്തിയുടെ മകുടോദാഹരണമായി നിലനില്‍ക്കുന്ന പാലാ അല്‍ഫോന്‍സാ കോളജിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ജി.വി. രാജയുടെ സ്മരണാര്‍ഥം കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നല്കുന്ന മികച്ച കായിക കോളജിനുള്ള 2021 -2022 വര്‍ഷത്തെ പുരസ്കാരം അല്‍ഫോന്‍സാ കോളജ് സ്വന്തമാക്കി.
ഷൈനി വില്‍സണ്‍ , പദ്മിനി തോമസ്, പ്രീജ ശ്രീധരന്, സിനി ജോസ് എന്നിങ്ങനെ നിരവധി ഒളിമ്പ്യന്‍ മാരെയും അര്‍ജുന അവാര്‍ഡ് ജേതാക്കളെയും സമ്മാനിച്ചു ഭാരതത്തിന്റെ കായിക ഭൂപടത്തില്‍ തനതായ സ്ഥാനമുറപ്പിച്ച അല്‍ഫോന്‍സാ കോളജ് അത്ലറ്റിക്സ്, വോളിബോള്‍, ബാസ്കറ്റ്ബാള്‍, നീന്തല്‍ തുടങ്ങി വിവിധ കായിക ഇനങ്ങളില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചാണ് ഈ പുരസ്കാരം സ്വന്തമാക്കിയത്.
പുരസ്കാര നിറവില്‍ നില്ക്കുന്ന അല്‍ഫോന്‍സാ കോളജിനേയും കായിക അധ്യാപകരെയും വിദ്യാര്‍ഥിനികളെയും അനുമോദിക്കുന്നതിനായി 29 ന് രാവിലെ 10 .30 നു കോളജ് ഓഡിറ്റോറിയത്തില്‍ അനുമോദന സമ്മേളനം നടക്കും. തദവസരത്തില്‍ കോളജിന്റെ അഭിമാന സംരംഭമായ അല്ഫോന്സിയന് കമ്യൂണിറ്റി കോളജ് ഉദ്ഘാടനം ചെയ്യും.
അല്ഫോന്സിയന് കമ്യൂണിറ്റി കോളജ്
കോളജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് ആരംഭിക്കുന്ന കമ്യൂണിറ്റി കോളജ് എന്ന ആശയം വനിതകളുടെ വിവിധ തലങ്ങളുടെ വളര്‍ച്ചയെ ലക്ഷ്യമാക്കിയുള്ളതാണ്. കോളജിലെ വിദ്യാര്‍ഥികളുടെ വളര്‍ച്ച മാത്രമല്ല, പ്രായഭേദമെന്യേ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനവും വ്യക്തിത്വ വികസനവും കൂടി ലക്ഷ്യമിടുന്നു. നൈപുണ്യ വികസനത്തിലൂടെ സ്വയംതൊഴില്‍ കണ്ടെത്തുവാനും സാമ്പത്തിക സമത്വം നേടുവാനും അതിലൂടെ സ്വാഭിമാനമുള്ള സ്ത്രീകളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് അല്ഫോന്സിയന് കമ്യൂണിറ്റി കോളജ് പ്രവര്‍ത്തിക്കുക.
അല്ഫോന്സിയന് ലാംഗ്വേജ് അക്കാദമി, അല്ഫോന്സിയന് ഫിറ്റ്നസ് സെന്റര്‍, അല്ഫോന്സിയന് ചെസ് അക്കാദമി,അല്ഫോന്സിയന് അത്ലറ്റിക് അക്കാദമി, മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി, അല്‍ഫോസിയന്‍ സ്റ്റിച്ചിംഗ് സെന്റര്‍ ഇവയെല്ലാം അല്‍ഫോസിയന്‍ കമ്യൂണിറ്റി സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഡയറ്റ് കൗണ്‍സിലിംഗ്, ഫിസിയോതെറാപ്പി, ക്രോഷെ പരിശീലനം, ഫാബ്രിക് പെയിന്റിംഗ് പരിശീലനം തുടങ്ങി നിരവധി സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.
പാലാ രൂപത മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ് കെ. മാണി എംപി, പദ്മശ്രീ ജേതാവും അര്‍ജുന ജേതാവുമായ ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍, കോളജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു, സിസ്റ്റര്‍ ഡോ. മഞ്ജു എലിസബത്ത് കുരുവിള, ബര്‍സാര്‍ റവ. ഡോ . ജോസ് ജോസഫ് പുലവേലില്‍ എന്നിവര്‍ പങ്കെടുക്കും.