കടപ്ലാമറ്റം-കുമ്മണ്ണൂര്‍ റോഡ് തകര്‍ന്നു; യാത്ര ദുഷ്കരം
1338761
Wednesday, September 27, 2023 10:07 PM IST
കടപ്ലാമറ്റം: സംസ്ഥാന പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയുടെ ഒരു ഭാഗം തകര്‍ന്നു ഗതാഗതയോഗ്യമല്ലാതായി. എംസി റോഡിനേയും പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ സംസ്ഥാനപാതയേയും ബന്ധിപ്പിക്കുന്ന കുമ്മണ്ണൂർ- വെമ്പള്ളി റോഡിന്റെ കടപ്ലാമറ്റം മുതല്‍ കുമ്മണ്ണൂര്‍ വരെയുള്ള അഞ്ചു കിലോമീറ്റര്‍ ഭാഗമാണ് തകര്‍ന്നു ഗതാഗതം ദുഷ്കരമായിരിക്കുന്നത്.
പതിനഞ്ചിലധികം ബസുകള്‍ ഇതുവഴി സര്‍വീസ് നടത്തുന്നുണ്ട്. പത്തനംതിട്ട ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു നിരവധി യാത്രക്കാരാണ് ഇതുവഴി ദിനംപ്രതി പോകുന്നത്. കടപ്ലാമറ്റത്തുനിന്നു കുമ്മണ്ണൂര്‍ വരെ സാധാരണയായി വാഹനത്തില്‍ അഞ്ചു മിനിറ്റിൽ എത്തിച്ചേരാം.
എന്നാൽ ഇപ്പോൾ റോഡ് തകര്‍ന്നതിനാല്‍ ഇരട്ടിയിലധികം സമയം എടുക്കുന്നു. റോഡിന്റെ മിക്ക ഭാഗങ്ങളിലും കുഴികള്‍ നിറഞ്ഞിരിക്കുകയാണ്.
കുഴികളിലെ വെള്ളക്കെട്ടുകളില്‍ ഇരു ചക്ര വാഹനങ്ങള്‍ ചാടി ഇവിടെ അപകടങ്ങള്‍ പതിവാണ്. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പരിഗണിക്കുമ്പോള്‍ ഈ റോഡിനെ അധികൃതര്‍ അവഗണിക്കുകയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. റോഡ് നവീകരണത്തിനു ജനപ്രതിനിധികളും മുന്‍ഗണന നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.