പണം തട്ടിപ്പു കേസ് പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും
1338745
Wednesday, September 27, 2023 3:07 AM IST
തലയോലപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് പണം തട്ടിപ്പുനടത്തി ഒളിവിൽപ്പോയ വനിതാ ജീവനക്കാർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
പ്രതികൾ ഒളിവിൽ കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രതികൾക്കായിലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ പ്രതികളെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അതേസമയം പ്രതികൾ കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടാനും നീക്കം നടത്തിവരുന്നതായി സൂചനയുണ്ട്.
ഉദയം പേരൂർ തെക്കേപുളിപ്പറമ്പിൽ പി.എം. രാഗേഷിന്റെ ഉടമസ്ഥതയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോൾഡ് എന്ന സ്ഥാപനത്തിലെ ബ്രാഞ്ച് ഇൻ ചാർജും ഗോൾഡ് ഓഫീസറുമായ കൃഷ്ണേന്ദുവും ഗോൾഡ്ലോൺ ഓഫീസർ ദേവി പ്രജിത്തും ചേർന്ന് 42.72 ലക്ഷം രൂപ തട്ടിപ്പു നടത്തിയെന്നാണ് പരാതി.