ടി.വി. പുരം ഹോമിയോ ആശുപത്രി നിര്‍മാണം അന്തിമഘട്ടത്തില്‍
1338743
Wednesday, September 27, 2023 3:06 AM IST
ടിവിപുരം: ടിവി പുരം പഞ്ചായത്തിന്റെ ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണം അന്തിമ ഘട്ടത്തില്‍. 2022-23, 2023-24 ദ്വിവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് കൊട്ടാരപ്പള്ളി വാതപ്പള്ളി ജംഗ്ഷനില്‍ ആശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
വര്‍ഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നത്. കൊട്ടാരപ്പള്ളി ഇടവക പള്ളി ടി.വി. പുരം പഞ്ചായത്തിന് സൗജന്യമായി നല്കിയ മൂന്നു സെന്റ് ഭൂമിയിലാണ് കെട്ടിട നിര്‍മാണം പുരോഗമിക്കുന്നത്.
ഒപി, ഫാര്‍മസി, സ്റ്റോര്‍ റൂം, രോഗികള്‍ക്കായുള്ള വിശ്രമമുറി എന്നിവ ഉള്‍പ്പെടെ 666.5 ചതുരശ്രഅടി വിസ്തൃതിയുള്ള കെട്ടിടമാണ് ആശുപത്രിക്കായി നിര്‍മിക്കുന്നത്. നിലവില്‍ ഒരു നില കെട്ടിടമാണ് പണിയുന്നതെങ്കിലും പിന്നീട് ഇരുനിലയായി ഉയര്‍ത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.
പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന വാതപ്പള്ളിയിലേക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മാറുമ്പോള്‍ നിലവിലെ പരിമിതികള്‍ മറികടന്ന് ടിവി പുരം നിവാസികള്‍ക്ക് കൂടുതല്‍ മികച്ച ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കുമെന്ന് ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി പറഞ്ഞു.