കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് നന്നാക്കാന്‍ നടപടികളാകുന്നു
1338742
Wednesday, September 27, 2023 3:06 AM IST
കടുത്തുരുത്തി: വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ തകര്‍ന്നു കിടക്കുന്ന കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡ് നന്നാക്കാന്‍ നടപടികളാകുന്നു.
കാല്‍നടയാത്ര പോലും ദുഷ്ക്കരമായ റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ഏറേക്കാലങ്ങളായുള്ള ആവശ്യത്തിന് മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ടാണ് പരിഹാരമുണ്ടാക്കുന്നത്.
റോഡ് പൂര്‍ണമായും ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. വടക്കുംകൂര്‍ റോഡ് ബൈപാസ് വികസനവുമായി ബന്ധപ്പെടുത്തിയാണ് തീരദേശ റോഡും പുനരുദ്ധരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. വര്‍ഷങ്ങളായുള്ള ജനകീയാവിശ്യമായിരുന്നു തീരദേശ റോഡ് നവീകരണം. കടുത്തുരുത്തി വലിയതോടിന്റെ ഒരു വശത്തുകൂടിയാണ് റോഡ് കടന്നു പോകുന്നത്.
കടുത്തുരുത്തി വലിയപാലത്തിന് സമീപത്തുനിന്നു കോട്ടയം - എറണാകുളം റോഡില്നിന്നുമാരംഭിച്ചു, ആപ്പുഴ പാലത്തിലൂടെ ആയാംകുടി - ആപ്പാഞ്ചിറ റോഡില്‍ പ്രവേശിക്കുന്നതാണ് തീരദേശ റോഡ്.
പടിഞ്ഞാറന്‍ പ്രദേശങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തുന്ന മിനി ബൈപാസ് റോഡായാണ് കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡിന് കാണുന്നത്.
തകര്‍ന്നു കിടക്കുന്ന റോഡിന്റെ പല ഭാഗത്തും കുണ്ടും കുഴിയും നിറഞ്ഞു ചെളിയും വെള്ളക്കെട്ടും വ്യാപകമായതോടെ ഇതുവഴിയുള്ള വാഹന, കാല്‍നട യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന റോഡില്‍ അറ്റക്കുറ്റപ്പണികള്‍ നടത്താത്തതും കാലവര്‍ഷത്തില്‍ വലിയതോട് കരകവിഞ്ഞൊഴുകി മെറ്റലും മറ്റും കുത്തിയൊഴുകി നശിച്ചതും പലയിടത്തും റോഡിന്റെ തകര്‍ച്ച പൂര്ണമായിരിക്കുയാണ്.
മൂന്നര കിലോമീറ്ററോളം ദൂരം വരുന്ന തീരദേശ റോഡ് പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആയാംകുടി, ആപ്പുഴ, എരുമത്തുരുത്ത്, എഴുമാന്തുരുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കടുത്തുരുത്തി പട്ടണവുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന എളുപ്പമാര്‍ഗമാണ്.
വാലാച്ചിറ റെയില്‍വേ ഗേറ്റ് വഴിയുള്ള കടുത്തുരുത്തി - കല്ലറ റൂട്ടില്‍ ഗതാഗതപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണിത്.