കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം
1338723
Wednesday, September 27, 2023 2:58 AM IST
കോട്ടയം: ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് മോഷണം. കാരാപ്പുഴ മാളികപ്പീടിക ചെറുകരക്കാവ് ശിവപാര്‍വതി ക്ഷേത്രത്തിലെ മൂന്ന് കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച രാത്രി 11.45 നും പുലർച്ചെ 1.07 നും ഇടയിലാണ് മോഷണം നടന്നത്.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ക്ഷേത്രമുറ്റത്ത് മൂന്നിടങ്ങളിലായി വച്ചിരിക്കുന്ന ഭണ്ഡാരങ്ങള്‍ ഓഫീസ് റൂമിലാണ് രാത്രിയില്‍ സൂക്ഷിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഗ്രില്ല് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് വാതിലിന്റെ താഴ് പൊളിച്ചാണ് ഓഫീസ് മുറിക്കുള്ളില്‍ വച്ചിരുന്ന ഭണ്ഡാരങ്ങള്‍ കവര്‍ന്നത്.
രണ്ടു ഭണ്ഡാരങ്ങള്‍ അവിടെവച്ചു തന്നെ കുത്തിത്തുറന്നു പണമെടുത്തിട്ട് ഉപേക്ഷിച്ചു. ഒരു ഭണ്ഡാരം ഇയാള്‍ സമീപത്തെ വീടിന്റെ മുറ്റത്തുകൂടി എത്തിച്ച് പുരയിടത്തില്‍ വച്ച് തല്ലിപ്പൊട്ടിക്കുകയായിരുന്നു.
ക്ഷേത്രത്തില്‍നിന്നു സമീപത്തെ വീടിന്റെ മുറ്റത്തുകൂടി കടന്നു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവി കാമറയില്‍ പതിഞ്ഞിരിക്കുന്നത്.കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.