ചിറയ്ക്കൽകുളം നാടിന് സമർപ്പിച്ചു പഞ്ചായത്ത് ഭരണപക്ഷം ബഹിഷ്കരിച്ചു
1338541
Tuesday, September 26, 2023 11:55 PM IST
കുറവിലങ്ങാട് : അമൃത് സരോവർ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച ചിറയ്ക്കൽ കുളം നാടിന് സമർപ്പിച്ചു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ പഞ്ചായത്ത് രണ്ടാംവാർഡിൽ നവീകരിച്ച ചിറയ്ക്കൽ കുളം മനോഹരമായി വികസിപ്പിച്ചെടുത്തത് നാടിന് ഏറെ സന്തോഷമായി. ഉദ്ഘാടനപരിപാടികൾ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണപക്ഷം ബഹിഷ്കരിച്ചു.
കുളത്തിന്റെ സമർപ്പണം ജോസ് കെ. മാണി എംപി നിർവഹിച്ചു. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. തൊഴിൽ സംരംഭക വർക്ക് ഷെഡിന്റെ നിർമാണപ്രവൃത്തി മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഡാർളി ജോജി പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ബെബിൻ ജോൺ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, സന്ധ്യ സജികുമാർ, എം.എൻ. രമേശൻ, ഇ.കെ. കമലാസൻ, വിനു കുര്യൻ, ലതിക സാജു, രമാ രാജു, പ്രഫ. പി.ജെ. സിറിയക് പൈനാപ്പള്ളിൽ, ബിജു പുഞ്ചായിൽ, ബ്ലോക്ക് സെക്രട്ടറി ജോഷി ജോസഫ്, സിബി മാണി, സദാനന്ദശങ്കർ, എ.എൻ. ബാലകൃഷ്ണൻ, സനോജ് മിറ്റത്താനി തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളോടെയാണ് നാട് ചിറയ്ക്കൽ കുളം സമർപ്പണത്തെ വരവേറ്റത്.
ജനാധിപത്യ വിരുദ്ധ പ്രവർത്തനമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
ചിറക്കൽ കുളത്തിന്റെ സമർപ്പണവും സമീപത്ത് നിർമിക്കുന്ന വർക്ക്ഷെഡിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ബഹിഷ്കരിച്ചു. പ്രതിഷേധം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചതായും പ്രസിഡന്റ് അറിയിച്ചു.
ജനാധിപത്യവ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണ ഭരണസമിതിയുടെ മഹത്വം കളങ്കപ്പെടുത്താൻ ആരെയും അനുവദിക്കില്ല.
ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലും ഉടമസ്ഥതയിലും നടത്തേണ്ട പരിപാടികളുടെ പിതൃത്വം ഏറ്റെടുത്ത് ഉദ്ഘാടനം നടത്തിയ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ അപലപിക്കുകയാണെന്നും ഇതിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, അംഗങ്ങളായ ബേബി തൊണ്ടാംകുഴി, എം.എം ജോസഫ്, ജോയ്സ് അലക്സ്, ടെസ്സി സജീവ് എന്നിവരും പരിപാടികളിൽ പങ്കെടുത്തില്ല.