സഹപാഠികള്‍ക്ക് വീടൊരുക്കാന്‍ സോപ്പു വില്‍പ്പനയുമായി വിദ്യാര്‍ഥികള്‍
1338540
Tuesday, September 26, 2023 11:55 PM IST
രാമപുരം: രണ്ട് സഹപാഠികള്‍ക്ക് കിടപ്പാടമൊരുക്കാന്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരായ വിദ്യാർഥികള്‍ സോപ്പും ഫിനോളും വില്‍ക്കുന്നു. വീടുവീടാന്തരം കയറി ഇവ വിറ്റ് ലഭിക്കുന്ന തുകകൊണ്ട് രണ്ട് കൂട്ടുകാര്‍ക്ക് വീടൊരുക്കുക എന്നതാണ് ഇവരുടെ സ്വപ്നം.
പ്ലസ് ടുവിന് പഠിക്കുന്ന നീറന്താനം സ്വദേശിയായ വിദ്യാര്‍ഥിക്കും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഏഴാച്ചേരി സ്വദേശിയായ വിദ്യാര്‍ഥിക്കുമാണ് വീട് നിര്‍മിച്ചുനല്‍കുന്നതെന്ന് സ്കൂളിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ് പറഞ്ഞു.
സ്വന്തമായി നിര്‍മിച്ച ഇരുനൂറില്പരം ലിറ്റര്‍ ലിക്വിഡ് സോപ്പും ലോഷനുമാണ് കുട്ടികള്‍ വിറ്റഴിക്കുന്നത്. സോപ്പ് നിര്‍മാണത്തിനും ലോഷന്‍ നിര്‍മാണത്തിനുമായി കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.
സോപ്പും ലോഷനും വിറ്റഴിക്കുമ്പോള്‍ ലഭിക്കുന്ന തുകയും പുറമെ സന്നദ്ധസംഘടനകളുടെയും കാരുണ്യമതികളുടെയും സഹായംകൂടി ചേര്‍ത്തുവച്ച് കൂട്ടുകാര്‍ക്ക് മനോഹരമായ വീട് നിര്‍മിച്ച് നല്കാന് കഴിയുമെന്നാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ.
സോപ്പിന്റെയും ലോഷന്റെയും ആദ്യവില്പന എന്‍എസ്എസ് വോളണ്ടിയര്‍ എസ്. അഭിനവ് കൃഷ്ണയ്ക്ക് കൈമാറി സ്കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ സിജി സെബാ സ്റ്റ്യന്റെ അധ്യക്ഷതയില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മെല്വിന് കെ. അലക്സ്, ഫാ. ജോമോന് മാത്യു പറമ്പിതടത്തില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
സമൂഹത്തിന് ഗുണകരമായിട്ടുള്ള മറ്റ് നാല് പദ്ധതികള്‍ക്കൂടി ഉടന്‍ എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ നടപ്പാക്കുമെന്ന് പ്രോഗ്രാം ഓഫീസര്‍ പറഞ്ഞു.