ഇടുങ്ങിയ റോഡില്‍ ടിപ്പറുകള്‍ പായുന്നു; ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ടും അവഗണിച്ചു
1338539
Tuesday, September 26, 2023 11:55 PM IST
കുടക്കച്ചിറ: ഇടുങ്ങിയ റോഡിലൂടെ പാറമടയില്‍ നിന്നുള്ള കല്ലുമായി ടിപ്പറുകള്‍ വീണ്ടും പായുന്നു. നിരവധി സ്കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള റോഡിലൂടെയാണ് ടിപ്പറുകളുടെ നിരന്തരമുള്ള പാച്ചിൽ.
പാറഖനനം സമീപത്തുള്ള സെന്റ് ജോസഫ് ഹൈസ്കൂളിലെ കുട്ടികളെ ദോഷകരമായി ബാധിക്കുന്നതിനാല്‍ നിര്‍ത്തി വയ്ക്കണമെന്നു ബാലാവകാശ കമ്മീഷന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ അവഗണിക്കുകയാണുണ്ടായത്.നാട്ടുകാരുടെ മനസില്‍ ഭീതി വളരുകയാണ്.
ടിപ്പർ മറിഞ്ഞു
കുഴിഞ്ഞ ദിവസം ഈ റോഡില്‍ ടിപ്പര്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. കുടക്കച്ചിറ-സെന്റ് തോമസ് മൗണ്ട് റോഡിലാണ് ടിപ്പര്‍ മറിഞ്ഞത്.
പാറഖനനത്തിനെതിരേ സമരരംഗത്തുള്ള നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ടിപ്പറും കല്ലും റോഡില്‍ നിന്നു മാറ്റാനുള്ള ശ്രമം തടയുകയും ചെയ്തെങ്കിലും രാത്രിയില്‍ ഇവ സ്ഥലത്തു നിന്നും നീക്കം ചെയ്തു.
ജനങ്ങളുടെ നിരന്തരമായ മുന്നറിയിപ്പിനെയും സമരത്തെയും അവഗണിച്ചാണ് ഇവിടെ പാറഖനനം നടത്തുന്നത്.
സെന്റ് തോമസ് മൗണ്ടിനു താഴെ കുത്തനെ ചെരിവുള്ള പ്രദേശത്തെ പാറഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ടു സര്‍വകക്ഷി പ്രധിഷേധസമരം മുമ്പും കരൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്പില് നടത്തിയിരുന്നു.
പ്രതിഷേധ സമരം
കുടക്കച്ചിറ വാര്‍ഡിലെ ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭീഷണിയാകുംവിധം പാറമട അനുവദിച്ച കരൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരേ കേരള കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം നടത്തി.
പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തിയ സമരം യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം പ്രസിഡന്റ് ജോസ് കുഴികുളം അധ്യക്ഷത വഹിച്ചു.
കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, ജോസ് കുഴികുളം, ബോബി മൂന്നുമാക്കൽ, ജയിംസ് ചടനാക്കുഴി, ടോമി താണോലിൽ, ബേബി പാലിയക്കുന്നേല്‍, കുഞ്ഞുമോന് ഒഴുകയിൽ, ബേബി പുന്നക്കുഴി, ബെന്നി നാടുകാണി, കുര്യന് കണ്ണങ്കുളം, മാമ്മച്ചന്‍ പൂവേലിൽഎന്നിവര് പ്രസംഗിച്ചു.