കല്ലറക്കാവ് - കരിമ്പുകയം - ചേനപ്പാടി റോഡ് തകര്‍ന്നു
1338537
Tuesday, September 26, 2023 11:55 PM IST
കാഞ്ഞിരപ്പള്ളി: കല്ലറക്കാവ് - കരിമ്പുകയം - ആലുംചുവട് - ചേനപ്പാടി റോഡ് തകര്‍ന്നതോടെ ദുരിതയാത്രയിൽ പ്രദേശവാസികൾ. കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്.
ഇതില്‍ കല്ലറക്കാവ് മുതല്‍ കരിമ്പുകയം വരെയുള്ള ഭാഗത്തും ആലുംചുവട് ഭാഗത്തുമാണ് റോഡ് കൂടുതലും ഗതാഗതയോഗ്യമല്ലാതായി കിടക്കുന്നത്. ഈ റോഡിലെ ഒന്നര കിലോമീറ്ററോളം ഭാഗം പൂര്‍ണമായും തകർന്ന നിലയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ സര്‍വീസ് നടത്തിവന്ന സ്വകാര്യ ബസിന് സ്ഥിരമായി കേടുപാടുകള്‍ സംഭവിക്കുന്നതോടെ സര്‍വീസ് നിര്‍ത്താന്‍ ആലോചിക്കുകയാണ് ബസുടമയും ജീവനക്കാരും.
റോഡിലൂടെയോടുന്ന മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകൾ ഉണ്ടാകുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. മണിമലയില്‍ നിന്ന് കരിമ്പുകയം വഴി കാഞ്ഞിരപ്പള്ളിക്കുള്ള ബസ് സര്‍വീസ് നാട്ടുകാര്‍ ഏറെ നിയമ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്.
രാവിലെയും വൈകുന്നേരവും ഇതുവഴിയുള്ള സര്‍വീസ് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഏറെ പ്രയോജനം ചെയ്തിരുന്നു. ബസ് സര്‍വീസ് നിലച്ചാല്‍ കിലോമീറ്ററുകളോളം നടന്ന് വേണം റോഡിലെത്തി ബസ് കയറുവാന്‍.