ഇനി എരുമേലിയെ പഴിക്കേണ്ട; ഖരമാലിന്യ സംസ്കരണ പ്ലാന്റ് സജ്ജം
1338536
Tuesday, September 26, 2023 11:55 PM IST
എരുമേലി: ഒന്നര മാസം കഴിഞ്ഞാൽ എരുമേലിയിൽ ശബരിമല സീസൺ തുടങ്ങും. അത് മുന്നിൽക്കണ്ട് നേരത്തെ ഖര മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തന സജ്ജമാക്കിയിരിക്കുകയാണ് ഭരണസമിതി.
കഴിഞ്ഞ സീസണിൽ ഏറ്റവും പ്രയാസം സൃഷ്ടിച്ചതിൽ ഒന്ന് ഖര മാലിന്യങ്ങളുടെ സംസ്കരണമായിരുന്നു. ആകെ നേർച്ചപ്പാറ വാർഡിലെ യൂണിറ്റാണ് മുഴുവൻ മാലിന്യങ്ങൾക്കും സംസ്കരണ കേന്ദ്രം. ഇവിടെയാകട്ടെ ഖര മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമില്ല.
അതേസമയം ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ ഇതിന് പരിഹാരമായി പോലീസ് സ്റ്റേഷൻ - കൊടിത്തോട്ടം റോഡിൽ പ്ലാന്റ് പ്രവർത്തിച്ചിരുന്നു. ദുർബലമായി പ്ലാന്റിലെ പുകക്കുഴൽ അടർന്നു വീണതോടെ ഇവിടെ പ്രവർത്തനം നിലച്ചു. ആ സ്ഥാനത്താണ് ഇപ്പോൾ പുതിയ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്.
150 അടി ഉയരത്തിൽ പുകക്കുഴൽ നിർമിച്ചിരിക്കുകയാണ്. ഒപ്പം ഒരേ സമയം 20 സിലിണ്ടറുകൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന പാചക വാതക പ്ലാന്റാണ് സജ്ജമാക്കിയിരിക്കുന്നത്. പാചക വാതകം ഉപയോഗിച്ച് ഖര മാലിന്യങ്ങൾ സംസ്കരിക്കുന്നതാണ് പ്രധാന പ്രവർത്തനം.
വൈദ്യുതി, വെള്ളം കണക്ഷനുകൾ ഇവിടെ ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു. പ്ലാസ്റ്റിക് ഉൾപ്പടെ അജൈവ മാലിന്യങ്ങൾ നേർച്ചപ്പാറയിലെ യൂണിറ്റിൽ എത്തിച്ച് സംസ്കരണത്തിന് കൈമാറും.
ജൈവ മാലിന്യങ്ങൾ നേർച്ചപ്പാറ യൂണിറ്റിൽ തുമ്പൂർമുഴി കേന്ദ്രത്തിലാണ് വളമാക്കി ഉപയോഗിക്കുകയെന്ന് ഭരണസമിതി അറിയിച്ചു.