വാഴൂർ പഞ്ചായത്തിനെ കാർബൺ ന്യൂട്രലാക്കാൻ കുട്ടിക്കർഷകരും
1338535
Tuesday, September 26, 2023 11:55 PM IST
വാഴൂർ: വാഴൂർ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെ ഹരിത കേരള മിഷന്റെയും എസ്വിആർവി എൻഎസ്എസ് സ്കൂളിന്റെയും നേതൃത്വത്തിൽ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ ഉത്പാദിപ്പിച്ച പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിർവഹിച്ചു.
നവകേരളംകർമ പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ പദ്ധതിയുടെ പഞ്ചായത്ത് തല പ്രവർത്തനങ്ങളുടെ ഭാഗമായാണ് പച്ചക്കറി തൈ ഉത്പാദനം ആരംഭിച്ചിരിക്കുന്നത്.
വാഴൂർ പഞ്ചായത്ത് കൃഷി ഭവനിൽ നിന്നു ലഭിച്ച വെണ്ട, ചീര, പയർ, തുടങ്ങിയ വിത്തുകൾ സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുട്ട ട്രേ, ചാക്ക് എന്നിവ പുനരുപയോഗിച്ച് അതിൽ വിത്തുകൾ പാകി മുളപ്പിക്കുകയാണ് ചെയ്തത്.
വാഴൂർ എസ്വിആർ എൻഎസ്എസ് കോളജിൽ ഹരിത കാമ്പസിന്റെ ഭാഗമായി ആരംഭിയ്ക്കുന്ന കൃഷിക്കായി തൈകൾ കൈമാറി. വാഴൂർ കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ജി. ജയകുമാർ, വോളണ്ടിയേഴ്സ് എന്നിവർ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നു തൈകൾ ഏറ്റുവാങ്ങി.
സീനിയർ അസിസ്റ്റന്റ് ജി. രാജേഷ് അധ്യക്ഷത വഹിച്ചു. നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺ അർച്ചന അനൂപ് , പിടിഎ വൈസ് പ്രസിഡന്റ് സ്മിത, കെ.ജി. ജയകുമാർ, ബിന്ദു ജി. നായർ, സി.യു. അഞ്ജലി, കെ.ജി. ഹരികൃഷ്ണൻ, അദ്വൈത് തീർത്ഥം എന്നിവർ പ്രസംഗിച്ചു.