വാഴൂരിൽ ആറ് ചെറുകിട കുടിവെള്ള പദ്ധതികൾ പൂർത്തീകരണത്തിലേക്ക്
1338534
Tuesday, September 26, 2023 11:41 PM IST
വാഴൂർ: വാഴൂർ പഞ്ചായത്തിൽ 500 കുടുംബങ്ങൾക്ക് 2.5 കോടി രൂപ ചെലവിൽ ശുദ്ധജലം ലഭ്യമാക്കുന്ന ആറ് കുടിവെള്ള പദ്ധതികൾ പൂർത്തീകരണ ഘട്ടത്തിൽ.
ഒന്നാം വാർഡിലെ നെടുമാവ് മഹാത്മ കുടിവെള്ള പദ്ധതി, മൂന്നാം വാർഡിലെ പേഴുന്താനം കൂടിവെള്ള പദ്ധതി, ഏഴാം വാർഡിലെ തേക്കാനം - എറത്താത്തയിൽ കുടിവെള്ള പദ്ധതി, എട്ടാം വാർഡിലെ തത്തംപള്ളിക്കുന്ന് കുടിവെള്ള പദ്ധതി, പതിമൂന്നാം വാർഡിലെ പാറാംതോട് കുടിവെള്ള പദ്ധതി, പതിനഞ്ചാം വാർഡിലെ പേർഷ്യൻ കോളനി-ചെല്ലിമറ്റം കുടിവെള്ള പദ്ധതി എന്നിവയുടെ നിർമാണമാണ് ധൃതഗതിയിൽ പുരോഗമിക്കുന്നത്.
വാഴൂർ പഞ്ചായത്ത് കേരള റൂറൽ വാട്ടർ സപ്ലൈ ഏജൻസി മുഖേനയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. രണ്ടര കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്.
നെടുമാവ് മഹാത്മാ കുടിവെള്ള പദ്ധതിയിൽ 50 വീട്ടുകാർക്കും പേഴുന്താനം കുടിവെള്ള പദ്ധതിയിൽ 40 വീട്ടുകാർക്കും തേക്കാനം ഏറെതാത്തയിൽ കുടിവെള്ള പദ്ധതിയിൽ 70 വീട്ടുകാർക്കും തത്തം പള്ളിക്കുന്ന് കുടിവെള്ള പദ്ധതിയിൽ 90 വീട്ടുകാർക്കും പാറാംതോട് കുടിവെള്ള പദ്ധതിയിൽ 90 വീട്ടുകാർക്കും പേർഷ്യൻ കോളനി കുടിവെള്ള പദ്ധതിയിൽ 70 വീട്ടുകാർക്കുമാണ് തുടക്കത്തിൽ കുടിവെള്ളം ലഭ്യമാക്കാൻ കഴിയുന്നത്.
തേക്കാനം ഏറെതാത്തയിൽ കുടിവെള്ള പദ്ധതി, പേഴുന്താനം കുടിവെള്ള പദ്ധതി, പേർഷ്യൻ കോളനി കുടിവെള്ള പദ്ധതി എന്നിവ ഡിസംബർ മാസത്തിലും മറ്റ് മൂന്ന് കുടിവെള്ള പദ്ധതികൾ മാർച്ച് മാസത്തിനു മുമ്പായും പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കുവാൻ കഴിയുംവിധമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
വാഴൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിലവിൽ 26 ചെറുകിട കുടിവെള്ള പദ്ധതികൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 2000 കുടുംബങ്ങൾ ഈ ചെറുകിട കുടിവെള്ള പദ്ധതികളെ ആശ്രയിച്ചാണ് കഴിയുന്നത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചെറുകിട കുടിവെള്ള പദ്ധതികളുടെ വിജയമാണ് കൂടുതൽ ചെറുകിട കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതിന് പഞ്ചായത്തിന് പ്രചോദനമായത്.
നിലവിലുള്ള കുടിവെള്ള പദ്ധതികൾ ശക്തിപ്പെടുത്തിയും പുതിയ കുടിവെള്ള പദ്ധതികളുടെ നിർമാണം ഉടൻ പൂർത്തിയാക്കിയും കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി പറഞ്ഞു.