തമ്പലക്കാട് കുടുംബക്ഷേമ കേന്ദ്രത്തിന് പുതിയ കെട്ടിടം
1338533
Tuesday, September 26, 2023 11:41 PM IST
കാഞ്ഞിരപ്പള്ളി: തമ്പലക്കാട് കുടുംബക്ഷേമ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അനുമതി. പ്രാഥമികാരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ച ഹെൽത്ത് ഗ്രാൻഡിൽനിന്ന് 55. 5 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ആദ്യഘട്ടമായി 27.75 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി പദ്ധതി സമർപ്പിച്ചതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു. കുടുംബക്ഷേമ കേന്ദ്രത്തിനു സ്വന്തമായുള്ള 25 സെന്റ് സ്ഥലത്ത് 1500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കാനാണ് പദ്ധതി.
ആർദ്രം പദ്ധതിയുടെ ഭാഗമായി ഇവിടെ ഹെൽത്ത് ആൻഡ് വെൽനസ് പ്രവർത്തനങ്ങൾ ഏർപ്പെടുത്തി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററാക്കി ഉയർത്തും. കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തനം നിലച്ച നിലയിലായിരുന്നു.
1971ൽ ആരംഭിച്ച കെട്ടിടം ശോചനീയമായതും ജീവനക്കാരില്ലാതിരുന്നതുമാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. കഴിഞ്ഞയിടെ ആർദ്രം പദ്ധതിയുടെ ഭാഗമായി മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ(എംഎൽഎസ്പി), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരെ നിയമിച്ചു. എന്നാൽ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ തസ്തികയിൽ ഇപ്പഴും ആളില്ല.