ഇളങ്ങുളത്ത് മാലിന്യം തള്ളൽ: പ്രദേശവാസികൾ ദുരിതത്തിൽ
1338532
Tuesday, September 26, 2023 11:41 PM IST
ഇളങ്ങുളം: പിപി റോഡിൽ ഇളങ്ങുളം എസ്എൻഡിപി പടിക്ക് സമീപം പറമ്പിൽ വൻതോതിൽ മാലിന്യം തള്ളുന്നത് പ്രദേശവാസികൾക്ക് ദുരിതമായി. റോഡരികിൽ ആൾപ്പാർപ്പില്ലാത്ത പറമ്പിലേക്ക് വിവിധയിടങ്ങളിൽ നിന്നെത്തുന്നവർ മാലിന്യം ഇടുന്നുണ്ട്.
കടകളിൽ നിന്നുള്ള മാലിന്യം, ഭക്ഷണാവശിഷ്ടം, ഇറച്ചിമാലിന്യം എന്നിങ്ങനെയുള്ളവ ചീഞ്ഞ് ദുർഗന്ധമേറി. ബസ് സ്റ്റോപ്പിനോട് ചേർന്നാണിത്. ഇവിടെ ബസ് കാത്തുനിൽക്കാൻ സാധിക്കാത്ത വിധം ദുർഗന്ധം പരക്കുന്നുണ്ട്.
തെരുവ്നായകൾ മാലിന്യം കടിച്ചുവലിച്ച് വീടുകളുടെ പരിസരത്ത് ഇടുന്നതും ദുരിതമായി. തർക്കത്തിൽ കിടക്കുന്ന ഭൂമിയായതിനാൽ നിയന്ത്രിക്കാനാരുമില്ല. മാലിന്യമിടുന്നവരെ കണ്ടെത്താൻ പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്നും കുറ്റക്കാർക്ക് പിഴശിക്ഷ നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.