കൃഷിയും വൈദ്യുതി പോസ്റ്റും തകർത്തു: പമ്പാവാലിയിൽ ആനവിളയാട്ടം
1338531
Tuesday, September 26, 2023 11:41 PM IST
കണമല: കേൾക്കാതെ പോകരുത് പമ്പാവാലിയിലെ കർഷകരുടെ നിലവിളി. കഴിഞ്ഞ ദിവസം രാത്രിയിൽ വൈദ്യുതി പോസ്റ്റുവരെ പിഴുതെറിഞ്ഞ് കാട്ടാനകൾ കലി തുള്ളി കൃഷികൾ നശിപ്പിച്ചു. സ്വന്തം വീട്ടുമുറ്റത്ത് കാട്ടുപോത്തിന്റെ ആക്രമണത്താൽ രണ്ട് കർഷകർ ദാരുണമായി കൊല്ലപ്പെട്ടത് കഴിഞ്ഞയിടെയാണ്. ഇതിന് പിന്നാലെയാണിപ്പോൾ ആനകളുടെ ആക്രമണവും.
തുലാപ്പള്ളി പമ്പാംകുഴിയിൽ ബിജുവിന്റെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രി സംഹാര താണ്ഡവമാടിയത്. വൈദ്യുതി പോസ്റ്റും ലൈനും എല്ലാം ആനക്കൂട്ടം തകർത്തു. ടാപ്പിംഗ് തുടങ്ങിയ നിരവധി റബർ മരങ്ങൾ മൂടോടെ പിഴുതെറിഞ്ഞു.
കാപ്പി, കമുക്, തെങ്ങ് ഉൾപ്പെടെ കൃഷിയിടത്തിലുണ്ടായിരുന്ന സർവതും കഴിഞ്ഞ രാത്രിയിൽ ആനക്കൂട്ടം നശിപ്പിച്ചു. സമീപത്തെ പുളിക്കൽ ബിനോയ് എന്ന കർഷകൻ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആനകളുടെ ശല്യം സഹികെട്ട് കൃഷി നിർത്തി സ്വന്തം പറമ്പ് ഉപേക്ഷിച്ചത്.
കർഷകരുടെ കണ്ണീർ വീണുകൊണ്ടിരിക്കുന്നു ഇവിടുത്തെ കൃഷിയിടങ്ങളിൽ. പ്രദേശത്തെ ഓരോ കർഷക കുടുംബവും സമാധാനത്തോടെയല്ല രാത്രിയിൽ വീട്ടിൽ കഴിയുന്നത്. മുമ്പൊക്കെ ആനകൾ വരുമ്പോൾ ദൂരെ നിന്നു ചിന്നം വിളി കേൾക്കാമായിരുന്നു.
ഇപ്പോൾ കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുമ്പോളാണ് ചിന്നം വിളി. കൃഷി നടത്തിയാൽ സ്വന്തം ജീവൻ പോകുന്ന നിലയിലാണ് അവസ്ഥയെന്ന് കർഷകർ അതീവ ദുഃഖത്തോടെ പറഞ്ഞ് വിലപിച്ചുകൊണ്ടിരിക്കുന്നു.
ആനകൾ മാത്രമല്ല ഇവിടെ കൃഷി തകർക്കുന്നത്. പന്നികളുടെ വരവ് കൂട്ടത്തോടെയാണ്. കുരങ്ങുകൾ എത്തി സകലതും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. റംബുട്ടാൻ കൃഷി വമ്പൻ പരാജയമായത് കുരങ്ങുകൾ മൂലമാണ്. പാകമാകും മുമ്പെ ഒന്നില്ലാതെ എല്ലാ കായകളും കുലയോടെ വാനര സംഘം കൈക്കലാക്കും.
കല്ല് എടുത്ത് എറിഞ്ഞോ ഒച്ച വയ്ക്കുകയോ ചെയ്താലൊന്നും വാനരപ്പട പിന്മാറില്ല. മലയണ്ണാൻമാർ ആണ് മറ്റൊരു സംഘം. കൊക്കോ കൃഷി ഇവിടുത്തെ കർഷകർക്ക് നഷ്ടം മാത്രമാക്കി മാറ്റിയിരിക്കുകയാണ് മലയണ്ണാൻമാർ. ആനകളെ തുരത്തുന്നത് ഏറെ അപകടകരമാണ്. ജീവനെടുക്കാൻ പാകത്തിൽ വീട്ടുമുറ്റത്ത് വന്ന് ചിന്നം വിളിക്കുകയാണ് ആനകൾ.
നാടിന്റെ മുഖ്യ വരുമാനം കൃഷി ആയിരുന്നത് ഇപ്പോൾ നഷ്ടം എന്ന് മാറ്റിപ്പറയുന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നു. വ്യക്തിപരമായും കൂട്ടായും സംഘടനകളുടേതായും പരാതികൾ അനവധിയാണ് വനം വകുപ്പിന് നാട്ടുകാർ നൽകിയിട്ടുള്ളത്.
പക്ഷെ യതൊരുവിധ പ്രതിരോധ സംവിധാനവും നടപ്പിലാക്കിയിട്ടില്ലെന്ന് യുവ കർഷകനായ വേങ്ങത്താനം ജിനേഷ് പറയുന്നു. പ്രദേശത്ത് വന്യമൃഗ ശല്യം തടയുന്നതിനുള്ള സോളാർ വേലിയോ കിടങ്ങുകളൊ ഒന്നും തന്നെയില്ലെന്നും നാട്ടുകാർ ആരോപിച്ചു.