ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ എന്‍എബിഎച്ച് നിലവാരത്തിലേക്ക്
1338530
Tuesday, September 26, 2023 11:41 PM IST
കോട്ടയം: ജില്ലയിലെ നീണ്ടൂര്‍, ഞീഴൂര്‍, മരങ്ങാട്ടുപിള്ളി, പുതുപ്പളളി, മാടപ്പളളി, മൂന്നിലവ്, മാന്നാനം, കൂട്ടുമ്മേല്‍, ഉദയനാപുരം എന്നിവിടങ്ങളിലെ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് (എന്‍എബിഎച്ച്) നിലവാരത്തിലേക്ക് ഉയര്‍ത്താനുളള നടപടി ആരംഭിച്ചു.
ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ വരുന്ന നാലും ഹോമിയോപ്പതി വകുപ്പിന് കീഴില്‍ വരുന്ന അഞ്ചും ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളാണ് ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി എന്‍എബിഎച്ചിന്റെ ദേശീയ പരിശോധനാ വിഭാഗം ഇന്നുമുതല്‍ 29വരെ ഈ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തും.
ജീവിതശൈലീ രോഗനിയന്ത്രണം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാലിയേറ്റീവ് സേവനങ്ങള്‍, യോഗ പരിശീലനം, മാതൃശിശു ആരോഗ്യസംരക്ഷണം, കൗമാര ആരോഗ്യം, പ്രത്യേക വയോജനപരിപാലനം തുടങ്ങിയ സേവനങ്ങള്‍ കൂടുതലായി ജനങ്ങള്‍ക്ക് ലഭ്യമാക്കും.