വ്യാപാരിയുടെ ആത്മഹത്യ ബാങ്കിനെതിരേ പ്രതിഷേധം ഇരമ്പി
1338525
Tuesday, September 26, 2023 11:41 PM IST
കോട്ടയം: കുടമാളൂരില്‍ കര്‍ണാടക ബാങ്കിന്റെ ഭീഷണിയെത്തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തതില്‍ ബാങ്ക് ഉദ്യോഗസ്ഥര്ക്കെതിരേ പ്രതിഷേധവുമായി ബന്ധുക്കള്‍. കടുത്ത മാനസിക പീഡനമാണ് ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നു വ്യാപാരിയുടെ കുടുംബം ആരോപിച്ചു.
കോട്ടയം കുടയംപടിയില്‍ ചെരിപ്പുകട നടത്തുന്ന കുടമാളൂര്‍ അഭിരാമത്തില്‍ കെ.സി. ബിനുവിനെ (50) തിങ്കളാഴ്ച വൈകുന്നേരമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചു ലക്ഷം രൂപയാണ് ബാങ്ക് ഓഫ് കര്‍ണാടകയുടെ നാഗമ്പടം ശാഖയില്‍നിന്നും ഇദ്ദേഹം വായ്പ എടുത്തിരുന്നത്.
14,000 രൂപയായിരുന്ന മാസ അടവ് രണ്ടു തവണ മുടങ്ങിയതായി ബന്ധുക്കള്‍ പറയുന്നു. 28,000 രൂപ ഉടന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ അടക്കം ഭീഷണിപ്പെടുത്തിയതായാണു പരാതി. തുടരെ ഫോണില്‍ ഭീഷണി മുഴക്കുകയും കടയിലെ മേശയില്‍ നിന്നു പണം എടുത്തുകൊണ്ടുപോകുകയും ചെയ്തുവത്രെ.
കുടിശിക തീര്‍ത്തിട്ടും ഭീഷണി തുടര്‍ന്നതായി ഭാര്യ ഷൈനി ബിനുവും മകള്‍ നന്ദന ബിനുവും ആരോപിക്കുന്നു.
മുന്‍പ് പലതവണ വായ്പ എടുത്തിരുന്നെങ്കിലും ഉണ്ടായിട്ടില്ലാത്ത ഭീഷണി പുതിയ മാനേജര്‍ വന്നതിനുശേഷമാണു തുടങ്ങിയത്. ഫോണ്‍ ഭീഷണിയും സ്ഥാപനത്തിലെത്തിയുള്ള ആക്ഷേപവും തുടര്‍ന്നതോടെ മാനസിക തകര്‍ച്ചയിലാണ് ബിനു ജീവനൊടുക്കിയതെന്നാണു പരാതി.
തിങ്കളാഴ്ച രാവിലെ ബാങ്ക് ജീവനക്കാര്‍ ചെരിപ്പുകടയില്‍ എത്തി മേശവലിപ്പില്‍നിന്നും പണമെടുക്കുകയും വീട്ടിലെത്തി പെണ്മക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സമീപത്തെ വ്യാപാരികള്‍ പറയുന്നു.
ബാങ്ക് മാനേജര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആവശ്യപ്പെട്ടാണു ബാങ്കിനു മുന്നില്‍ മൃതദേഹവുമായി ഉപരോധം നടത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ. അനില്‍കുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി, നഗരസഭ കൗണ്‍സിലര്‍മാരായ സാബു മാത്യു, ടി.സി. റോയ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്, ജില്ലാ സെക്രട്ടറി സുരേഷ് തുടങ്ങി ഒട്ടേറെപ്പേര്‍ പ്രതിഷേധസ്ഥലത്തെത്തിയിരുന്നു.
കര്‍ശനനടപടി ഉണ്ടാവുമെന്ന് ജില്ലാ കളക്ടര്‍
കോട്ടയം: വ്യാപാരിയുടെ ആത്മഹത്യക്കു പിന്നില്‍ ബാങ്കിന്റെ സമ്മര്‍ദം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചും പോലീസ് റിപ്പോര്‍ട്ട് അനുസരിച്ചും കര്‍ശന നടപടികള്‍ ഉണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി. നാളേക്കകം പോലീസ് റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.
കര്‍ണാടക ബാങ്ക് അധികൃതര്‍ വഴിവിട്ട സമ്മര്‍ദം വ്യാപാരിയുടെ മേല്‍ ചെലുത്തിയതായാണു ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളതെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ചൂണ്ടിക്കാട്ടി.
നഗരസഭാ കൗണ്‍സിലര്‍ സാബു മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് തോമസുകുട്ടി, വ്യാപാരി വ്യവസായ സമിതി ഭാരവാഹികള്‍, പോലീസ് അധികാരികള്‍, കര്‍ണാടക ബാങ്ക് പ്രതിനിധികള്‍, ലീഡ് ബാങ്ക് മാനേജര്‍ തുടങ്ങിയവര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
ഉചിതമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്ന് വ്യാപാരി പ്രതിനിധികളും സമരത്തിന് ശക്തമായ പിന്തുണ നല്‍കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ചര്‍ച്ചകള്‍ക്ക് ശേഷം അറിയിച്ചു.